വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ്, നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞു: വി ഡി സതീശന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന സമയത്ത് തന്നെ നീക്കം നടത്തിയിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭാ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശന്റെ മറുപടി. ‘വിദേശമദ്യ നയത്തില്‍ അമെന്‍ഡ്‌മെന്റ് വരുത്തി. ശരവേഗത്തില്‍ ഫയല്‍ നീങ്ങി എന്ന് പറയുന്നു. ടാക്‌സ് തീരുമാനിച്ചത് ബജറ്റിന്റെ തലേദിവസമാണ്. രാത്രി ഒരു മണിക്കാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗം അച്ചടിച്ചത്. ടാക്‌സിന്റെ കാര്യത്തില്‍ ഫയല്‍ വേഗത്തില്‍ തന്നെയാണ് പോകേണ്ടത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരാണ്’: വി ഡി സതീശന്‍ പറഞ്ഞു.

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 78 ശതമാനം ആക്കിയത് തോമസ് ഐസകിന്റെ ബജറ്റാണെന്ന് പറഞ്ഞ വി ഡി സതീശൻ, ജോണി വാക്കറിന്റെ കയ്യിൽ നിന്നും ഷിവാസ് റീഗലിന്റെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങിയിട്ടാണോ 87 ശതമാനം ആക്കിയതെന്നും ചോദിച്ചു. വിഷയം പഠിക്കാൻ സമിതിയെ വയ്ക്കുമെന്നും സമിതി വിൽക്കേണ്ട എന്ന് തീരുമാനിച്ചാൽ വിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്കുവെച്ചു ഞങ്ങളാണെന്ന് പി പ്രസാദ് എംഎൽഎ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ആർഎസ്എസ് വിഷസർപ്പങ്ങളുടെ മുന്നിൽ വെച്ച വിളക്ക് കൊളുത്തിയ സർക്കാരാണ് നിങ്ങളുടേത്. അത് കൊളുത്തിയതാണ്. നിങ്ങൾ പിൻവലിക്കാൻ വേണ്ടിയാണോ ഒപ്പുവെച്ചത്? അതോ മരവിപ്പിക്കാൻ വേണ്ടി ഒപ്പുവെച്ചതാണോ?’ വി ഡി സതീശൻ ചോദിച്ചു.
….

Share
error: Content is protected !!