‘സ്വിറ്റ്സർലൻഡിൽ അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു, നിർദേശം നൽകിയത് നെതന്യാഹു’
ലണ്ടൻ: സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ് – ഇറാൻ സമാധാന ചർച്ചകൾക്കിടെ പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറിന്റെ വെളിപ്പെടുത്തൽ.
പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ വിവരം ചോർത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്സിൽ നടത്തിയ ചർച്ചയ്ക്കിടയിലാണ് പെപ്പെ എസ്കോബാർ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
അങ്ങേയറ്റം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഇന്റലിജൻസിന് ഈ വിവരം ലഭിച്ചതെന്ന് പെപ്പെ എസ്കോബാർ അവകാശപ്പെടുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് അസിം മുനീറിനെയും പാക്ക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് മൊസാദ് ഗൂഢാലോചന ആസൂത്രണം ചെയ്തത്.
വിവരമറിഞ്ഞ ഉടൻ പാക്കിസ്ഥാൻ ഒമാൻ പോലുള്ള മറ്റ് രാജ്യങ്ങൾ വഴി ഇസ്രയേലിന് നേരിട്ട് ശക്തമായ മുന്നറിയിപ്പ് നൽകിയതായി പെപ്പെ എസ്കോബാർ പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ നിങ്ങളെ ഞങ്ങൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും എന്നായിരുന്നു പാക്കിസ്ഥാന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വധഭീഷണിയെക്കുറിച്ച് ഇസ്രയേലോ പാക്കിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്വിറ്റ്സർലൻഡ്, യുഎസ് സുരക്ഷാ ഏജൻസികളും സമ്മേളനത്തിനിടെ ഇത്തരമൊരു സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല. നിലവിൽ ഇസ്രയേലും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.


