വീഡിയോ | കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്ന്നു; ഒരുമരണം, നിരവധിപേർക്ക് പരിക്ക്, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ബസ് യാത്രക്കാരനായ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകട സമയം അദ്ദേഹം ബസിന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നത്.
.
.
ഒന്ന് രണ്ട് യാത്രക്കാർമാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് എന്നും മറ്റുള്ള എല്ലാ യാത്രക്കാർക്കും കാര്യമായ പരിക്കുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പലരുടേയും പരിക്ക് ഗുരതരണമാണെന്നും മരണം ഉയരാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാരും വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.
.
.
സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ് ആണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. റോഡിൻ്റെ നടുവിലുള്ള ഡിവൈഡറിൽ ഇടിച്ച ശേഷം മറുഭാഗത്തേക്ക് തലകീഴായി മറിയുകയായിരുന്നു. ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസ് ബോഡിയും ചെയ്സും വേർപ്പെട്ട് നടു പിളർന്ന രീതിയിലായത് അമിത വേഗതയിലായിരുന്നുവെന്ന് സംശയിക്കുന്നതായി നാട്ടുകാരും വ്യക്തമാക്കി.
.
.
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. ഗുരുതര നിലയിലുള്ള മൂന്നുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.
.
.
ഇത് സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെ നിരവധി തവണ അധികൃതർക്കും പരാതി നൽകിയിരുന്നുവെങ്കിലും പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. ദേശീയപാതയിലെ നിർമാണത്തിലുള്ള അപാകത ഈ മേഖലയെ കൂടുതൽ അപകടമേഖലയാക്കിയതായി എം.എൽ.എ വി.എസ് ജോയിയും വ്യക്തമാക്കി. കാറിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും, നേരത്തെ അപകടം സംഭവിച്ചത് മൂലം അവിടെ നിർത്തിയിട്ടിരിക്കുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞതെന്നുമാണ് പറയപ്പെടുന്നത്. മുഴുവൻ ആളുകളേയും ബസിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു.
.
.
ബസിൽ ഓവർ ലോഡ് ഉണ്ടായിരുന്നില്ലെന്നാണ് കൊണ്ടോട്ടി സ്വദേശിയായ മുബാറക് എന്ന ബസിലെ യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റിൽ മുഴുവനായും യാത്രക്കാരുണ്ടായിരുന്നു. എന്നാൽ നിൽക്കുന്ന യാത്രക്കാരുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
.


