പൊള്ളുന്ന ചൂടിന് ആശ്വാസം: ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസം സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപകമായി വേനൽ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ് വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിൻ്റെ ഭാഗമായി മെയ് രണ്ടു വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ (1/05/2026) പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മറ്റന്നാൾ (2/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ കടുത്ത വേനലിന് ആശ്വാസമായാണ് മഴ എത്തുന്നത്. എന്നാൽ ഇടിമിന്നലും കാറ്റും ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.


