ഇറാഖിന്റെ ഡ്രോണ്‍ ആക്രമണം: സഊദി ഓയില്‍ പൈപ്പ് ലൈന്‍ അടച്ചു; ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക്

റിയാദ്: ഇറാഖ് സഊദിക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സഊദി തങ്ങളുടെ പ്രധാന ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ് ലൈന്‍ താത്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സഊദി ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ഉപയോഗിക്കുന്ന ഈ പൈപ്പ്‌ലൈന്‍ ആഗോള എണ്ണ വിപണിയില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

ആക്രമണത്തിനു പിന്നാലെ ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മൈസാന്‍ പ്രവിശ്യയിലെ മിലിട്ടറി കമാന്‍ഡറെ പുറത്താക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും ഇറാഖ് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സഊദി നിലവില്‍ തിരിച്ചടിക്ക് മുതിര്‍ന്നിട്ടില്ലെങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു.

ഇതിനിടയില്‍, യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടല്‍ തീരപ്രദേശങ്ങളും തന്ത്രപ്രധാനമായ മോഖ നഗരവും പിടിച്ചെടുത്തത് എണ്ണക്കടത്തു പാതകള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. തിരിച്ചടിയായി സഊദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ സേന ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. എണ്ണവിലയിലെ കുതിച്ചുചാട്ടം ലോകമെമ്പാടും വലിയ പണപ്പെരുപ്പ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Share