സഊദിയിലേക്ക് ഡ്രോൺ ആക്രമണം: അതിവേഗം സൈനിക കമാൻഡറെ പുറത്താക്കി ഇറാഖ്
ജിദ്ദ: സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് നേരെ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമില്ലെങ്കിലും ചിലർക്ക് പരുക്കേൽക്കുകയും പൈപ്പ്‌ലൈന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി തകരാറുകൾ പരിഹരിച്ചു വരികയാണ്.
ആക്രമണത്തെ ഇറാഖ് സർക്കാർ ശക്തമായി അപലപിച്ചു. മെയ്സാൻ പ്രവിശ്യയിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മെയ്സാനിലെ മിലിറ്ററി ഓപ്പറേഷൻസ് കമാൻഡറെ ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. സൗദിയുടെ സുരക്ഷയ്ക്കെതിരായ നീക്കങ്ങളെ പൂർണമായി തള്ളിക്കളയുന്നതായും ഇറാഖ് മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖിന്റെ അഭ്യർഥന മാനിച്ചും അവർക്ക് നടപടിയെടുക്കാൻ അവസരം നൽകുന്നതിനുമായി നിലവിൽ തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരുമായും സൗദി വിദേശകാര്യ മന്ത്രി മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
…..


