ബാസ്കറ്റ്ബോൾ പോൾ തകർന്ന് വീണു; നട്ടെല്ലിന് പരുക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
ഗുരുഗ്രാമില്‍ അപാർട്ട്മെന്റ് സമുച്ചയത്തിലെ ബാസ്കറ്റ്ബോൾ പോൾ തകർന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. ഗുരുഗ്രാം സെക്ടർ 84-ലെ ആഡംബര അപാർട്ട്മെന്റ് സമുച്ചയമായ ‘അന്തരീക്ഷ് ഹൈറ്റ്സി’ലാണ് അപകടമുണ്ടായത്. നട്ടെല്ലിന് പരുക്കേറ്റ 24കാരന് കാർത്തിക് ദലാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം യുവാക്കൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളിയിലുടനീളം യുവാക്കള്‍ ബാസ്കറ്റ്ബോൾ പോളില്‍ പുള്‍ അപ്പ് ചെയ്യുന്നതായി കാണാം.
എന്നാല്‍ പോൾ പെട്ടെന്ന് ചരിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ബാസ്കറ്റിന് തൊട്ടുതാഴെ നിൽക്കുകയായിരുന്ന കാർത്തിക് ദലാലിന്റെ ശരീരത്തിലേക്കാണ് ഭാരമേറിയ ഇരുമ്പ് പോൾ വീണത്. പോളിനടിയിൽ കുടുങ്ങിയ കാർത്തിക്കിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടൻ തന്നെ പോൾ ഉയർത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ അന്തരീക്ഷ് ഹൈറ്റ്സ് ബയേഴ്സ് അസോസിയേഷനും കാർത്തിക്കിന്റെ കുടുംബവും സൊസൈറ്റി മാനേജ്മെന്റിനെതിരെയും മെയിന്റനൻസ് ഏജൻസിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അപാർട്ട്മെന്റിലെ സൗകര്യങ്ങളുടെ പരിപാലനത്തിൽ അധികൃതർ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബവും താമസക്കാരും ആരോപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം, അപാർട്ട്മെന്റുകളിലെയും സ്പോർട്സ് കോംപ്ലക്സുകളിലെയും കളിസ്ഥലങ്ങളുടെ പരിപാലനത്തിലും സുരക്ഷയിലുമുള്ള വീഴ്ചകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ ഒൻപത് മാസത്തിനിടെ സമാനമായ രീതിയിൽ നടക്കുന്ന നാലാമത്തെ ദുരന്തമാണിത്. മുൻപ് നടന്ന മൂന്ന് അപകടങ്ങളിലും ബാസ്കറ്റ്ബോൾ പോൾ ശരീരത്തിലേക്ക് വീണ് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
…


