അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് വെറും 4 ദിവസം മാത്രം; പ്രവാസി മലയാളി അന്തരിച്ചു

അബഹ: അവധി കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയ പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം സ്വദേശി അന്തരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ പൂക്കോട്ടുംപാടം (47) ആണ് അബഹയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.‌

ഒഐസിസി (OICC) നജ്റാൻ കമ്മിറ്റി മീഡിയ കൺവീനറും അബഹ റീജൻ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. പ്രവാസലോകത്തെ ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. വെള്ളിയാഴ്ചയാണ് അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും നില വഷളാവുകയായിരുന്നു. അബഹ ഖമ്മീസ് മുഷയ്ത് അൽ ഹയാത്ത് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
.
കഴിഞ്ഞ 20 വർഷമായി സൗദിയിൽ പ്രവാസിയായ ഫൈസൽ, നജ്റാനിൽ അൽ ബുസ്താൻ കമ്പനിയുടെ സെയിൽസ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഫസീല. മക്കൾ: റിൻഷാ, റിഫ്ന, സെഫിൻ.  അബഹ ഖമ്മീസ് മുഷയ്ത് അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.

Share