വീടിന് മുകളിലേക്ക് കെട്ടിടം തകർന്നുവീണു: കുടുംബത്തിലെ നാല് പേരടക്കം ആറ് മരണം

മുംബൈ: മുംബൈയിലെ മൻഖുർദ് ജനതാ നഗറിൽ വീടിന് മുകളിലേക്ക് ബഹുനില കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന്, നാല് നിലകളുള്ള അനധികൃത കെട്ടിടം തൊട്ടടുത്തുള്ള തകരഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടം മുൻകൂട്ടി കണ്ട് തൊട്ടടുത്ത ദിവസം തന്നെ താമസം മാറാൻ തയ്യാറെടുത്തിരുന്ന കുടുംബമാണ് ദുരന്തത്തിൽപ്പെട്ടത്.

കൂലി തൊഴിലാളിയായ മൊയ്നുദ്ദീൻ വാജിദ് അലി ഷായുടെ ഭാര്യ അക്തർ ജഹാൻ, ഇവരുടെ നാല് മക്കൾ എന്നിവരടക്കമുള്ളവരാണ് മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് മൊയ്നുദ്ദീൻ പുറത്തേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. കനത്ത മഴയിൽ തൊട്ടടുത്തുള്ള കെട്ടിടത്തിന് വിള്ളലുകൾ വീഴുകയും ടൈലുകൾ അടർന്നു വീഴുകയും ചെയ്തതോടെ കെട്ടിടം സുരക്ഷിതമല്ലെന്ന് കുടുംബത്തിന് മനസ്സിലായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച മറ്റൊരു സ്ഥലത്തേക്ക് മാറാൻ ഇവർ സാധനങ്ങൾ പാക്ക് ചെയ്തു വെച്ചിരിക്കുകയായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയോടെ കെട്ടിടം ഇവരുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

കെട്ടിടത്തിന് തകരാറുകൾ കണ്ടതിനെ തുടർന്ന് അതിൽ താമസിച്ചിരുന്നവർ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു. കെട്ടിടം തകർന്ന് വീണത് തൊട്ടടുത്തുള്ള വീടുകൾക്ക് മുകളിലേക്കായതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, സിവിക് അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് തകർന്ന കെട്ടിടത്തിന്റെ ഉടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കെട്ടിടം നിയമവിരുദ്ധമായാണ് നിർമിച്ചതെന്ന് സിവിക് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Share