വിമാനയാത്ര ഇനി ചെലവേറും; ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രം നീക്കി

ആഭ്യന്തര വിമാനയാത്രയ്ക്ക് നാളെ മുതല്‍ ചെലവേറും. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ നിരക്ക് നിയന്ത്രണം വ്യോമയാന മന്ത്രാലയം പിന്‍വലിച്ചു. നാളെ മുതല്‍ വിമാനക്കമ്പനികള്‍ക്ക് നിരക്ക് ഉയര്‍ത്താം. പടിഞ്ഞാറന്‍ ഏഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. 

എന്നാല്‍ അനിയന്ത്രിതമായി ചാര്‍ജ് കൂട്ടിയാല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് ഉത്തരവില്‍ പറയുന്നു. ഡിസംബറില്‍ ഇന്‍ഡിഗോ സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് നിരക്ക് ക്രമാതീതമായി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര സര്‍വീസുകള്‍ക്ക് പരമാവധി 18,000 രൂപ എന്ന പരിധി സര്‍ക്കാര്‍ കൊണ്ടുവന്നത്. വിമാന ഇന്ധന വിലയിലും അടുത്തമാസം മുതല്‍ വന്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. 

എല്ലാ മാസവും ഒന്നാം തിയതിയാണ് നിരക്ക് നിശ്ചയിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യന്‍ സംഘര്‍ഷത്തിന്‍റെ ആഘാതം ഇന്ധന വിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞു.

Share
error: Content is protected !!