ഹരിദ്വാര്‍ യാത്രക്കിടെ കാര്‍ മറിഞ്ഞ് തീപിടിച്ചു; ഹരിയാന സ്വദേശികളായ ആറ് യുവാക്കള്‍ വെന്തുമരിച്ചു

ഹിസാര്‍: ഹരിദ്വാറിലെ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്താന്‍ പോവുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ ആറുപേര്‍ വെന്തുമരിച്ചു.

സാഹില്‍, രാഹുല്‍, അമന്‍, അജയ്, അങ്കിത്, അങ്കിത് എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഹാന്‍സിയിലെ രാഖി ഗര്‍ഹിയില്‍ നിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നുമുള്ളവരാണ് ഇവര്‍. എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. മോത്ത് ലുഹാരി ഗ്രാമവാസികളായ അമനും അജയും വിദ്യാര്‍ഥികളാണ്.

ഉത്തര്‍പ്രദേശില്‍ മുസാഫര്‍നഗറിലെ പാനിപ്പത്ത്-ഖാത്തിമ ദേശീയപാതയില്‍, ടിറ്റാവി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ജഗ്ഗഹേരിക്ക് സമീപമാണ് ഇന്ന് പുലര്‍ച്ചെ അപകടം സംഭവിച്ചത്. ‘സോമവതി അമാവാസി’യോടനുബന്ധിച്ച് ക്ഷേത്രനഗരമായ ഹരിദ്വാറിലേക്ക് പോയവരാണ് അപകടത്തിനിരയായത്.

അപകട സമയത്ത് കാര്‍ മണിക്കൂറില്‍ ഏകദേശം 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് വിവരം. കാര്‍ ആദ്യം ഒരു വൈദ്യുതി പോസ്റ്റിലും പിന്നീട് റോഡ് ഡിവൈഡറിലും ഇടിച്ച ശേഷം മറിഞ്ഞ് എതിര്‍ദിശയിലുള്ള റോഡിലേക്ക് വീണതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് തൊട്ടുപിന്നാലെ തന്നെ കാറിന് തീപിടിച്ചതിനാല്‍, ഉള്ളിലുണ്ടായിരുന്ന ആറുപേര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിയുകയും ഏകദേശം 10 മീറ്ററോളം റോഡ് ഡിവൈഡര്‍ തകരുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. എന്നാല്‍ അപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അപകടത്തില്‍ തകര്‍ന്ന കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Share