ഇന്നും മുഖ്യമന്ത്രിയില്ല, പ്രഖ്യാപനം നാളെ -ജയറാം
ന്യൂഡൽഹി: ഇപ്പോൾ പ്രഖ്യാപിക്കും, ഇപ്പോൾ പ്രഖ്യാപിക്കും എന്ന് കാത്തുകാത്തിരുന്നവരെ വീണ്ടും നിരാശയിലാക്കി കോൺഗ്രസ് ഹൈകമാൻഡ്. കേരള മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ ഗാന്ധിയും ഖാർഗെയും ജയറാം രമേശും യോഗത്തിൽ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്.
പ്രഖ്യാപനത്തിനു മുമ്പായി ഘടകകക്ഷികളോട് ഒരിക്കൽകൂടി അഭിപ്രായം ആരാഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും സോണിയ ഗാന്ധി ആരാഞ്ഞു.
വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന ഉറച്ച നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. സതീശനെ പിന്തുണക്കുന്നതിലുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയും നിലവിലെ പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന കാര്യവും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം നിർണായകമാകും. സോണിയ ഗാന്ധി ഇതിനോടകം തന്നെ ആന്റണിയുമായി വിശദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞു.


