നിർണായക നീക്കവുമായി സൗദിയും ഫ്രാൻസും: യാൻബു എണ്ണ തുറമുഖത്തിൻ്റെ സുരക്ഷയ്ക്ക് ഫ്രഞ്ച് സൈനികരുമെത്തും; റഡാറുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കും

റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബു തുറമുഖത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഫ്രാൻസ് സൈനികരെയും റഡാർ സംവിധാനങ്ങളെയും പ്രതിരോധ ഉപകരണങ്ങളെയും സൗദിയിലേക്ക് വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.

സൗദി അധികൃതരുമായി ഇതുസംബന്ധിച്ച ധാരണ പൂർത്തിയായിട്ടുണ്ടെന്നും, ചെങ്കടൽ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബുവിന്റെ സംരക്ഷണമാണ് വിന്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും മാക്രോൺ വ്യക്തമാക്കി.

ഹൂതികളുടെ സമീപകാല മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദിയിലെ നിർണായക ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കം. യാൻബു സൗദിയുടെ എണ്ണ കയറ്റുമതിയിൽ തന്ത്രപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യങ്ങളിൽ ചെങ്കടൽ വഴിയുള്ള എണ്ണ കയറ്റുമതിക്ക് യാൻബു നിർണായകമാണ്.

ഫ്രാൻസിന്റെ വിന്യാസം യെമൻ സംഘർഷത്തിൽ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാനുള്ള നടപടിയല്ലെന്നും, യാൻബു തുറമുഖവും ബന്ധപ്പെട്ട സൗദി അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ ദൗത്യമായിരിക്കുമെന്നും മാക്രോൺ വ്യക്തമാക്കി.

സൈനികർക്കൊപ്പം റഡാർ സംവിധാനങ്ങളും വിവിധ പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാനാണ് പദ്ധതി. ആവശ്യമായ സാഹചര്യത്തിൽ ഫ്രാൻസിന്റെ മറ്റ് പ്രതിരോധ ശേഷികൾ ഉപയോഗിക്കുന്നതും പൂർണമായി തള്ളിക്കളയുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കൂടുതൽ സൈനിക വിന്യാസത്തിന്റെ വ്യാപ്തിയോ കൃത്യമായ സമയക്രമമോ സംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

തായിഫ്, യാൻബു എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയതായി സൗദി സഖ്യസേന അറിയിച്ച ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമങ്ങൾ തടഞ്ഞതിന് പിന്നാലെയാണ് ഫ്രാൻസിൻ്റെ പ്രഖ്യാപനം. സൗദി വ്യോമപ്രതിരോധ സംവിധാനം ആക്രമണശ്രമങ്ങൾ തടഞ്ഞതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

യാൻബുവിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഫ്രഞ്ച് സഹായം സൗദിയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനും ചെങ്കടൽ വഴിയുള്ള എണ്ണ കയറ്റുമതിയുടെ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Share