വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ചു! 23കാരി ചികില്‍സയില്‍
മൂന്ന് ലക്ഷം രൂപയ്ക്ക് ബന്ധുക്കള്‍ വിറ്റുകളഞ്ഞ ഫരീദാബാദ് സ്വദേശിയാണ് പരാതിക്കാരി. സാരമായി പൊള്ളലേറ്റ യുവതി നിലവില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലാണ്
പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 23കാരിയുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി.
മൂന്ന് ലക്ഷം രൂപയ്ക്ക് ബന്ധുക്കള്‍ വിറ്റുകളഞ്ഞ ഫരീദാബാദ് സ്വദേശിയാണ് പരാതിക്കാരി. സാരമായി പൊള്ളലേറ്റ യുവതി നിലവില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ നെഞ്ചിലും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
സ്വാതന്ത്ര്യദിന പിറ്റേന്ന് രാവിലെ നാലുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ അയല്‍വാസിയായും ബന്ധുവുമായ ധര്മേന്ദ്രയെന്നയാളും ലളിതയെന്ന സ്ത്രീയുമാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയത്. ഇവരാണ് 23കാരിയെ മൂന്ന് ലക്ഷത്തിന് വില്‍ക്കാനുള്ള കരാര്‍ ഉറപ്പിച്ചത്. ബിഹാര്‍ സ്വദേശിയായ യുവതിയുടെ വിവാഹം രോഹിത് എന്ന യുവാവുമായി രണ്ട് വര്‍ഷം മുന്‍പ് നടത്തിയതാണെന്ന് അമ്മാവന് പറയുന്നു.
അയല്‍വാസികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവതി ഇവരുടെ നിര്‍ദേശ പ്രകാരം രോഹിതുമായുള്ള ബന്ധം രണ്ട് മാസം മുന്‍പ് അവസാനിപ്പിക്കുകയും ചെയ്തു. പിന്നാലെ ലളിതയ്ക്കും ധര്മേന്ദ്രയ്ക്കുമൊപ്പം കഴിയാന്‍ തുടങ്ങി. മകളെപ്പോലെയാണ് യുവതിയെ കാണുന്നതെന്നായിരുന്നു ധര്‍മേന്ദ്രയുടെ വിശദീകരണം. മധ്യവയസ്കനില്‍ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയ ധര്‍മേന്ദ്ര യുവതിയെ വിവാഹം കഴിച്ച് നല്കാമെന്നേറ്റുവെന്ന് പൊലീസ് പറയുന്നു. യുവതി ഇതിന് വിസമ്മതിച്ചതോടെ ഉപദ്രവിക്കുകയും മാരകമായി പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ മുറിയില്‍ പൂട്ടിയിട്ടുവെന്നും മൊബൈല്‍ ഫോണടക്കം പിടിച്ചു വാങ്ങിയെന്നും പരാതിയിലുണ്ട്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് വിവരം പൊലീസിലും ബന്ധുക്കളെയും അറിയിച്ചത്. പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.


