യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യ​ഗ്രഹണം; 1999 ന് ശേഷം ആദ്യം

ലണ്ടൻ: യൂറോപ്പിനെ ഇരുട്ടിലാക്കി സമ്പൂർണ സൂര്യ​ഗ്രഹണം. 1999 ന് ശേഷം ആദ്യമായാണ് അപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ സാക്ഷിയായത്. ഏകദേശം രണ്ട് മിനിറ്റ് 18 സെക്കന്റാണ് ​ഗ്രഹണം നീണ്ടുനിന്നത്.

സ്‌പെയിൻ, പോർച്ചുഗൽ, ഐസ്‍ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലാണ് സമ്പൂർണ സൂര്യ​ഗ്രഹണം ദൃശ്യമായത്. യൂറോപ്പിലെ വലിയൊരു ഭാ​ഗം പ്രദേശങ്ങളിലും ഭാ​ഗിക സൂര്യ​ഗ്രഹണമാണ് ദൃശ്യമായത്. സ്പെയിനിലും പടിഞ്ഞാറൻ യൂറോപ്പിലും സൂര്യാസ്തമയ സമയത്താണ് സൂര്യ​ഗ്രഹണമുണ്ടായത്.

സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് ആകാശം പെട്ടെന്ന് പൂർണമായി ഇരുട്ടാകുന്ന ദൃശ്യമാണ് പലയിടങ്ങളിലും കണ്ടത്. ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നുപോകുന്നതാണ് സൂര്യ​ഗ്രഹണം. സൈബീരിയയുടെ വടക്കൻ അറ്റത്ത് നിന്ന് ആരംഭിച്ച ഗ്രഹണ പാത ആർട്ടിക് സമുദ്രം കടന്ന് വൈകുന്നേരത്തോടെ ഐസ്‌ലാൻഡിലും തുടർന്ന് തെക്കോട്ട് യുകെയിലേക്കും സ്പെയിനിലേക്കും വ്യാപിക്കുകയായിരുന്നു. യുകെയിൽ സ്കോട്ട്‌ലൻഡിൽ വൈകുന്നേരം 6 മണിയോടെയും ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിൽ 6.20 ഓടെയുമാണ് ഭാഗിക ഗ്രഹണം പ്രകടമായിത്തുടങ്ങിയത്.

ഇന്ത്യയിലുള്ളവർക്ക് സൂര്യ​ഗ്രഹണം കാണാൻ സാധിക്കില്ല. ഇന്ത്യൻ സമയം അനുസരിച്ച് ഇന്ന് (ആഗസ്റ്റ് 12) രാത്രി 9.45 മുതൽ ആഗസ്റ്റ് 13 പുലർച്ചെ 2.15 വരെയുള്ള സമയത്താണ് ഗ്രഹണം നടന്നത്. അതായത് ഇന്ത്യയിൽ ഈ സമയം രാത്രിയായതിനാൽ ഇന്ത്യക്കാർക്ക് ഈ സൂര്യഗ്രഹണം കാണാൻ കഴിയില്ലായെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്.

Share