ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് അന്തരിച്ചു
ജിദ്ദ: മലയാളി യുവാവ് ജിദ്ദയിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം മങ്കട, കുറുവ ചെറുകുളമ്പ് സ്വദേശിയായ ചാലൂത്ത് ഷബീബ് (33) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
ജിദ്ദയിലെ അൽ ഖുംറയിൽ ജോലി ചെയ്തുവരികയായിരുന്ന ഷബീബ്, ഒരു വർഷം മുമ്പാൾ ഇയാൾ പ്രവാസ ജീവിതം ആരംഭിച്ച് ജിദ്ദയിൽ എത്തിയത്. പരേതനായ ചാലൂത്ത് മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഫഹമയാണ് ഭാര്യ. നൗഷാദ്, റമീസ്, പരേതയായ സമീറ എന്നിവർ സഹോദരങ്ങളാണ്.
നിലവിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അസർ നമസ്ക്കാര ശേഷം ജിദ്ദ റുവൈസ് മഖ്ബറയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


