ബിനാമി ബിസിനസ്: മിനി മാർക്കറ്റ് നടത്തിയ രണ്ട് മലയാളികൾക്ക് ശിക്ഷ നടപ്പിലാക്കി

ബിനാമി ബിസിനസ് കേസിൽ രണ്ട് മലയാളികളുൾപ്പെടെ നാല് പേർക്ക് റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.  റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യെമനി പൗരൻ വഹീദ് അഹ്മദ് മുഹമ്മദ് അൽയൂസുഫിനെയും ഇവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയുമാണ് കോടതി ശിക്ഷിച്ചത്.

ബിനാമി കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ രണ്ടു മലയാളികൾക്കും പിഴയും നാടുകടത്തലുമാണ് ശിക്ഷ. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സൗദി പൗരന്റെ സഹായത്തോടെ മലയാളികളും യെമനിയും റിയാദിൽ മൂന്നു മിനിമാർക്കറ്റുകൾ നടത്തുകയായിരുന്നു. ബിനാമി വിരുദ്ധ പ്രോഗ്രാമിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ സ്ഥാപനങ്ങൾ വിദേശികൾ നടത്തുന്ന ബിനാമി സ്ഥാപനങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 

നിയമ ലംഘകർക്ക് കോടതി 80,000 റിയാൽ പിഴ ചുമത്തി. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് കോടതി വിലക്കുമേർപ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്.

ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെയും യെമനിയെയും സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

റിയാദിൽ സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ മൂന്നു മിനിമാർക്കറ്റുകൾ ബിനാമി സ്ഥാപനങ്ങളാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ സ്ഥാപനങ്ങൾ വിദേശികൾ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് വ്യക്തമായി. അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!