ഇസ്രായേൽ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു: നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്; അപലപിച്ചാൽ മാത്രം പോരെന്ന് ഹമാസ്
ദോഹ: ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ സുരക്ഷാ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെതെങ്കിലും ഹമാസ് നേതാക്കൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. അതേസമയം ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര സുരക്ഷാ സേനയുടെ സ്ഫോടകവസ്തു വിഭാഗവുമായി ചേർന്ന് പ്രത്യേക സംഘങ്ങൾ ആക്രമിക്കപ്പെട്ട പ്രദേശം പരിശോധിച്ച് സുരക്ഷിതമാക്കുന്നത് തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് നടന്ന സ്ഫോടനത്തെത്തുടർന്ന് നഗരത്തിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും നിലനിന്നിരുന്നുവെന്ന് അൽ ജസീറ ലേഖിക ഫറാ അൽ-സമാൻ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
വിദേശ എംബസികൾക്ക് സമീപമുള്ള ഒരു ജനസാന്ദ്രതയുള്ള പ്രദേശത്തെയും ദോഹയിലെ പ്രധാന റോഡിനെയുമാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് അൽ-സമാൻ ചൂണ്ടിക്കാട്ടി. സ്ഫോടനത്തിന് തൊട്ടുപിന്നാലെ മേഖലയിൽ കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ നിലവിൽ സുരക്ഷാ ക്രമീകരണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് അൽ-സമാൻ അറിയിച്ചു.
സംഭവങ്ങൾ നിയന്ത്രണത്തിലാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ-സമാൻ വ്യക്തമാക്കി.
.
സ്ഫോടനത്തെ അപലപിച്ച് ഹമാസ് ഉദ്യോഗസ്ഥനായ സുഹൈൽ അൽ ഹിന്ദി രംഗത്തെത്തി. ദോഹയിലെ ആക്രമണം ഹമാസിനെയും ഖത്തറിനെയും മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് ലോകമെമ്പാടുമുള്ള അറബികൾക്കും മുസ്ലീങ്ങൾക്കും സ്വതന്ത്രരായ ആളുകൾക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
“ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നവരെ കൊല്ലാനുള്ള ശ്രമമാണ് ഈ ആക്രമണം. ഈ ഹീനമായ കുറ്റകൃത്യത്തെ ലോകം തള്ളിക്കളയണം,” അൽ-ഹിന്ദി ആവശ്യപ്പെട്ടു. പലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ വ്യക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വെറും അപലപനങ്ങളും പ്രസ്താവനകളും മാത്രം മതിയാവില്ല,” അദ്ദേഹം പറഞ്ഞു. ഇസ്രായേലിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അൽ-ഹിന്ദി ആവശ്യപ്പെട്ടു.


