ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ ഹമാസ് അംഗങ്ങൾ
ദോഹ: ഖത്തർ തലസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ തങ്ങളുടെ ചർച്ചാ പ്രതിനിധി സംഘത്തെ വധിക്കാനുള്ള ഇസ്രായേലിൻ്റെ ശ്രമം പരാജയപ്പെട്ടുവെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. സ്ഫോടനത്തിൽ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തർ സൈനികനും കൊല്ലപ്പെട്ടുവെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഗാസയുടെ മുൻ മേധാവി ഖലീൽ അൽ ഹയ്യയുടെ മകനും അദ്ദേഹത്തിൻ്റെ സഹായിയും കൊല്ലപ്പെട്ടവരിലുണ്ട്. അതേ സമയം ഹമാസിൻ്റെ ഉന്നത നേതാക്കൾ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.
വെടിനിർത്തൽ കരാറിനും തടവുകാരുടെ കൈമാറ്റ ചർച്ചകൾക്കും തുരങ്കം വെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഹമാസ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. “ഇസ്രായേലിന്റെ ഈ ആക്രമണം അവരുടെ ക്രിമിനൽ സ്വഭാവം വീണ്ടും വെളിപ്പെടുത്തുന്നു. ഒരു കരാറിലെത്താനുള്ള സാധ്യതകളെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്,” ഹമാസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ഈ നടപടി സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഹമാസ് ആരോപിച്ചു.
ഇസ്രായേൽ നടത്തിയ ഈ ആക്രമണത്തിന് അമേരിക്കയും ഉത്തരവാദിയാണെന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേലിൻ്റെ നടപടികളെ വാഷിംഗ്ടൺ പിന്തുണയ്ക്കുന്നതിനാലാണ് ഇത്തരമൊരു ആക്രമണത്തിന് അവർക്ക് ധൈര്യം ലഭിച്ചതെന്നും ഹമാസ് വ്യക്തമാക്കി.
ദോഹയിലെ ആക്രമണം ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട ഹമാസിൻ്റെ ആവശ്യങ്ങളിൽ ഒരു മാറ്റവും വരുത്തില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. സമാധാന ചർച്ചകൾ തുടരുമെന്നും ഹമാസ് ഉറപ്പിച്ചുപറഞ്ഞു.


