‘ഇറാന്റെ പരമോന്നത നേതാവാകാൻ ക്ഷണിച്ചു; ഞാൻ നിരസിച്ചു’

വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നെ ക്ഷണിച്ചിരുന്നെന്ന വിചിത്ര അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് റൈസർ പരിപാടിയിലായിരുന്നു ട്രംപിന്റെ പരാമർശം.

ക്ഷണം താൻ നിരസിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അവർ പറഞ്ഞു. ഞാൻ വേണ്ട, നന്ദി എന്നു പറഞ്ഞു’–ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഉന്നത നേതൃത്വത്തിൽപ്പെട്ട ഒട്ടേറെപ്പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ മുജ്തബ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതേസമയം ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ അറിയിച്ചു.

Share
error: Content is protected !!