ഓണാഘോഷം കഴിഞ്ഞുള്ള മടക്കം മരണത്തിലേക്ക്; ബഹ്റൈനിൽ അപകടത്തിൽ മരിച്ച മലയാളികൾ ഉറ്റ സുഹൃത്തുക്കൾ

ജീവിതം തുടങ്ങി വരുന്ന ഘട്ടത്തിൽ തന്നെ അഞ്ചു യുവാക്കളുടെ ദാരുണാന്ത്യം പ്രവാസികളെ കണ്ണീരിലാഴ്ത്തി. ബഹ്‌റൈനിലെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന  നാല് മലയാളികളും ഹോസ്പിറ്റൽ സിഇഒയുടെ സഹായിആയി പ്രവർത്തിക്കുന്ന തെലുങ്കാന സ്വദേശിയുമാണ്  കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ആലിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

തൃശൂർ ജില്ലയിൽ ചാലക്കുടി  മുരിങ്ങൂർ സ്വദേശി പാറേക്കാടൻ ജോർജ് മകൻ ഗൈദർ (28),കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ (26), തെലങ്കാന സ്വദേശി സുമൻ രാജണ്ണ (27), പയ്യന്നൂർ എടാട്ട് സ്വദേശി  അഖിൽ രഘു (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സൽമാബാദിലെ ശാഖയിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ആലിയ്ക്കടുത്തുവച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

 

 

ആഘോഷതിമിർപ്പിനിടയിൽ ഒറ്റ ഫ്രെയിമിൽ നാലുപേർ 

ഹോസ്പിറ്റൽ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ സജീവമായിരുന്നു ഇന്നലെ അപകടത്തിൽ മരിച്ച നാല് മലയാളികളും. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പല വിനോദ പരിപാടികളിലും സജീവമായി പങ്കെടുത്ത ഇവരിൽ സുമൻ ഒഴികെയുള്ള മറ്റു നാലുപേരും  ആഘോഷത്തിനിടയിൽ ഒരു ഫ്രയിമിൽ എടുത്ത ഫോട്ടോ ജീവനക്കർക്ക് നൊമ്പരമായി മാറുകയാണ്.

ഒരേ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നത് കാരണം ഉറ്റ സുഹൃത്തുക്കൾ കൂടി ആയിരുന്നു ഇവർ. അതാണ് ഇന്നലെ ആഘോഷങ്ങൾക്കിടയിലും ഇവർ മാത്രം ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്തത്. കലാ കായിക പരിപാടികൾ എല്ലാം കഴിഞ്ഞു പല വാഹനങ്ങളിൽ എല്ലാവരും മടങ്ങിയപ്പോഴും ഉറ്റ സുഹൃത്തുക്കൾ ആയ മഹേഷ്,ജഗത്ത്,അഖിൽ ,ഗൈദർ  എന്നിവരും സുമനും കൂടി ഒരേ കാറിൽ ആണ് താമസ സ്‌ഥലത്തേക്ക് പുറപ്പെട്ടത്. അത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന് ആരും കരുതിയതല്ല.മഹേഷ് ആയിരുന്നു വാഹനം ഓടിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ചിത്രത്തിൽ ജഗത് വാസുദേവൻ, വി.പി മഹേഷ്,അഖിൽ രഘു, ഗൈദർ ജോർജ്.

Share
error: Content is protected !!