പുതുപുലരിയെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ലോകപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ

മണിക്കൂറുകൾ മാത്രം ബാക്കി, ബുർജ് ഖലീഫ പുതുവർഷ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരത്താൻ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും പൊട്ടാൻ കാത്തുനിൽക്കുന്ന വെടിക്കെട്ടും ചേർത്തു ലോക റെക്കോർഡ് പ്രകടനത്തിനാണ് ഡൗൺടൗൺ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഈ ഒരു കാഴ്ചയ്ക്കായി കടൽ കടന്നെത്തിയവർക്ക് കണ്ണിനും മനസ്സിനും വിരുന്നാകും, ലോകത്തിലെ ഏറ്റവും വലിയ ഈ സൗധം.

കൃത്യമായി ആസൂത്രണം ചെയ്താൽ അല്ലലില്ലാതെ ബുർജ് ഖലീഫയിലെ ദൃശ്യ വിസ്മയം ആസ്വദിക്കാം. ഒന്നര ലക്ഷം പേർ ബുർജ് ഖലീഫ, ദുബായ് മാൾ പരിസരത്തുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇവിടേക്കുള്ള റോഡുകളും മെട്രോയും നേരത്തെ അടയ്ക്കും. ഡൗൺ ടൗൺ റോഡ് വൈകിട്ട് 4നും ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകിട്ട് 5നും അടയ്ക്കും. അർധരാത്രിയോട് അടുത്തുള്ള കാഴ്ചകൾക്കായി ഉച്ച കഴിയുമ്പോഴേ സ്ഥാനം പിടിക്കണം.

 

ദുബായ് മാൾ മെട്രോ സ്റ്റേഷൻ

ഇവിടെ നിന്ന് ദുബായ് മാളിലേക്കുള്ള വഴികൾ രണ്ടായി തിരിച്ചു. ഒന്നിൽ കുടുംബമായി എത്തുന്നവർക്കും രണ്ടാമത്തേത് കൂട്ടുകാരുമായി സംഘം ചേർന്ന് എത്തുന്നവർക്കും വേണ്ടിയുള്ളതാണ്. കുടുംബമായി എത്തുന്നവർക്കു ടവർ വ്യുവിനു പിന്നിലെ ഐലൻഡ് പാർക്കിലാണ് സൗകര്യം, മറ്റുള്ളവർക്ക് സൗത്ത് റിഡ്ജിലും.

ഫിനാൻഷ്യൽ സെന്റർ സ്റ്റേഷൻ

ഇവിടെയും വഴി രണ്ടായി തിരിയും. കുടുംബമായി എത്തുന്നവർ ബൊളിവാർഡിലേക്കും മറ്റുള്ളവർ സൗത്ത് എ‍ഡ്ജിലേക്കും എത്താം.

ബിസിനസ് ബേ സ്റ്റേഷൻ‌

നേരെ ഡൗൺ ടൗണിലേക്ക് എത്താം. ഇവിടെയാണ് നിലയുറപ്പിക്കേണ്ടതെന്ന് അറിയാൻ കൃത്യമായ ദിശാസൂചികകളുണ്ട്. ദുബായ് മെട്രോ സ്റ്റേഷൻ 5ന് അടയ്ക്കുമെന്നാണ് അറിയിപ്പെങ്കിലും ജനം അതിന്റെ പരമാവധി എത്തിയാൽ നേരത്തെ തന്നെ സ്റ്റേഷൻ അടയ്ക്കും.

അങ്ങനെ സംഭവിച്ചാൽ ഫിനാൻഷ്യൽ സെന്റർ, ബിസനസ് ബേ സ്റ്റേഷനുകൾ ഉപയോഗിക്കാം. ദുബായ് മാളിനുള്ളിൽ ഉള്ളവർക്കും ബുർജ് ഖലീഫയുടെ പരിസരത്തേക്കു കൃത്യമായ ദിശാസൂചികകൾ സ്ഥാപിച്ചിട്ടുണ്ട്. ബുർജ് ഖലീഫയിലെ ഷോ കഴിഞ്ഞാൽ പുറത്തേക്ക് ഇറങ്ങാനുള്ള വഴികളും തയാറാക്കി.

പൊലീസും സിവിൽ ഡിഫൻസും സ്വകാര്യ സുരക്ഷാ ഏജൻസികളും അടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകൾക്കായി നിയോഗിച്ചു. ആയിരത്തിലധികം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.പുതുവർഷ പരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതായി ദുബായ് പൊലീസ് അറിയിച്ചു.

റെക്കോർഡിടാൻ 40 മിനിറ്റ് വെടിക്കെട്ട്!

അബുദാബി∙ പുതുവർഷപ്പുലരിയെ വെടിക്കെട്ടോടെ വരവേൽക്കാനൊരുങ്ങി യുഎഇ. അബുദാബി അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റിലേറെ നീളുന്നതാണ് യുഎഇയിലെ ദൈർഘ്യമേറിയ വെടിക്കെട്ട്. ഇതിലൂടെ 3 ലോക റെക്കോർഡുകളും അബുദാബി സ്വന്തമാക്കും. 3000 ഡ്രോണുകളെ അണിനിരത്തിയുള്ള ഡ്രോൺ ഷോ, ദൈർഘ്യമേറിയ കലാവിരുന്ന് എന്നിവയാണ് മറ്റ് ആകർഷണം. ഇന്നു വൈകിട്ട് 3 മുതൽ പുലർച്ചെ 2 വരെയാണ് പ്രവൃത്തി സമയം. 5 ദിർഹമാണ് പ്രവേശന ഫീസ്. 60 വയസ്സിനു മുകളിലും 3 വയസ്സിന് താഴെയും ഉള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും (ഭിന്നശേഷിക്കാർ) അവരെ അനുഗമിക്കുന്നവർക്കും പ്രവേശനം സൗജന്യം.

മറ്റിടങ്ങളിലെ വെടിക്കെട്ട് 

∙അബുദാബി അൽമർയ ഐലൻഡിൽ 12ന്

∙ യാസ് ബേ വാട്ടർഫ്രണ്ട്  രാത്രി 9നും 12നും.

∙കോർണിഷിൽ 8 കി.മി നീളത്തിൽ വെടിക്കെട്ട് 12ന്.

∙സാദിയാത് ഐലൻഡ് രാത്രി 12ന്.

∙മദീന സായിദ്, അൽ ദഫ്ര രാത്രി 12ന്.

അൽഐൻ 

ഹസ്സ ബിൻ സായിദ് സ്റ്റേഡിയം രാത്രി 12ന്

ഷാർജ

അൽമജാസ് വാട്ടർ ഫ്രണ്ട്, അൽനൂർ ഐലൻഡ്, ഖോർഫക്കാൻ ബീച്ച് രാത്രി 12ന്.

അജ്മാൻ 

അജ്മാൻ കോർണിഷ് രാത്രി 12ന്

ഫുജൈറ

അമ്പ്രല്ല ബീച്ചിൽ രാത്രി 12ന്

റാസൽഖൈമ

4.7 കി.മീ നീളത്തിൽ 12 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും. അൽമർജാൻ ഐലൻഡിനും അൽഹംറ വില്ലേജിനും ഇടയിൽ.

 

 

Share
error: Content is protected !!