ചാടി വീണ് പുള്ളിപ്പുലി; കഴുത്തിൽ കടിച്ചു വലിച്ചു, 20കാരന് ദാരുണാന്ത്യം

കാടിറങ്ങുന്ന വന്യമൃഗങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നത് പതിവാണ്. രാജ്യം മുഴുവൻ ഈ അവസ്ഥ നിലനിൽക്കുന്നുണ്ട്. പുലിപ്പേടിയിലാണ് ജാർഖണ്ഡിലെ ഗർഹ്‌വ വനം ഡിവിഷനിലെ ഗ്രാമങ്ങൾ. നാട്ടിലിറങ്ങിയ നരഭോജി പുലി ഇവിടെ മൂന്നാഴ്ചയ്ക്കിടയിൽ നാലുപേരെയാണ് കൊന്നത്.

ഏറ്റവുമൊടുവില്‍ ഇന്നലെയാണ് 20 വയസ്സുകാരനായ യുവാവിനെ പുലി ആക്രമിച്ചു കൊന്നത്. ഹരീന്ദ്ര നായിക്ക് എന്ന ചെറുപ്പക്കാരനാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുവാവ‌് നടന്നു പോകുന്ന വഴിക്കാണ് പുലി ആക്രമിച്ചത്. രാംകുന്ദ മേഖലയിലെ ഖുഷ്‌വാഹായിലെ അമ്മാവന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമണം. സന്ധ്യയ്ക്ക് ആറരയോടെയാണ് യുവാവിന്റെ നേർക്ക് പുലി ചാടി വീണത്. കഴുത്തിനു നേരെയായിരുന്നു ആക്രമണമെന്നും തല്‍ക്ഷണം തന്നെ യുവാവ് മരിച്ചെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട്  വിശദീകരിച്ചു. ആക്രമിച്ച ശേഷം യുവാവിനെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടുപോവാനും പുലി ശ്രമിച്ചു.

പുലിയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ ആളുകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശം അനുസരിക്കാന്‍ ആളുകള്‍ തയാറാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. മൂന്ന് പെൺകുട്ടികളാണ് ഇതിന് മുൻപ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!