പാക് ചാരസുന്ദരിയുടെ നഗ്നചിത്രങ്ങൾക്ക് പകരം യുദ്ധരഹസ്യങ്ങൾ; വ്യോമസേന ഉദ്യോഗസ്ഥൻ കൈമാറിയത് നിർണായക സൈനിക വിവരങ്ങൾ

ഡൽഹി: പാക് ചാര സുന്ദരിയുടെ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അതീവ രഹസ്യമായ യുദ്ധപദ്ധതികൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ ചോർത്തി നൽകിയതായി ഡൽഹി പൊലീസ്. ലഭിക്കുന്ന ഓരോ നഗ്നചിത്രത്തിനും പകരമായി രഹസ്യ യുദ്ധപദ്ധതിയുടെ ഓരോ പേജ് വീതം നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥൻ നൽകിയ മൊഴി.

2026 ജനുവരി 12 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിലാണ് വാട്സ്ആപ്പ് വഴി ഉദ്യോഗസ്ഥൻ പാക് സുന്ദരിയുമായി ചാറ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം 2026 മെയ് 30-ന് അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന തരത്തിലുള്ള നിർണായക വിവരങ്ങളാണ് ഉദ്യോഗസ്ഥൻ കൈമാറിയതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വ്യോമസേനയുടെ അതീവ രഹസ്യമായ യുദ്ധപദ്ധതികളുടെ പേജുകൾ ഫോട്ടോയെടുത്ത് അയച്ചുകൊടുത്തു. രഹസ്യ ഡ്രോൺ യൂണിറ്റിൻ്റെ അംഗബലം, ഘടന, പ്രവർത്തനരീതി, ആയുധ ശേഷി, പരീക്ഷണ വിവരങ്ങൾ എന്നിവ ചോർത്തി നൽകി. യുദ്ധസാഹചര്യമുണ്ടായാൽ സൈന്യത്തെ വിന്യസിക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളുടെ വിവരങ്ങളും ലേയിലെ യുദ്ധവിമാനങ്ങളുടെ വിന്യാസവും പങ്കുവെച്ചു.

ഇതിൽ രാജസ്ഥാനിലെ സൂറത്ത്ഗഢിലുള്ള മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തിൻ്റെ വിശദാംശങ്ങളും ഉൾപ്പെടും. പാക് ഏജൻ്റിൻ്റെ നിർദ്ദേശപ്രകാരം തൻ്റെ കീഴിൽ ജോലി ചെയ്യുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഉപകരണങ്ങളിൽ വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്തു നൽകി.

ഏപ്രിൽ 1-ന് വ്യോമസേന ഉദ്യോഗസ്ഥൻ ഓഫീസിനുള്ളിൽ അനധികൃതമായി സ്മാർട്ട്ഫോൺ കൊണ്ടുവന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തായത്. ഉടൻ തന്നെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

Share