പ്രവാസികൾക്ക് മുന്നറിയിപ്പ്; ബാഗേജിൽ ‘നിത്യോപയോഗ’ വസ്തുക്കൾക്കു പോലും നിരോധനം, ജാഗ്രത!

അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ തങ്ങളുടെ ബാഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷണസാധനങ്ങളോ മരുന്നുകളോ മറ്റ് നിയന്ത്രണമുള്ള ഉൽപന്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.

അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും കോൺസുലേറ്റ് ജനറലും ചേർന്നാണ് ഇതുസംബന്ധിച്ച പൊതു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഇന്ത്യയിൽ യഥേഷ്ടം ലഭ്യമായതോ നിയമപരമായി വിൽക്കുന്നതോ ആയ പല സാധനങ്ങളും യുഎഇ നിയമപ്രകാരം കർശനമായി നിരോധിച്ചവയോ നിയന്ത്രണമുള്ളവയോ ആയിരിക്കാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎഇ സന്ദർശിക്കുന്നവർക്കും അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് യാത്ര നടത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്.

ഇത്തരത്തിലുള്ള വസ്തുക്കൾ അറിയാതെയാണെങ്കിൽ പോലും കൈവശം വയ്ക്കുന്നത് ഉൽപന്നങ്ങൾ പിടിച്ചെടുക്കൽ, കനത്ത പിഴ, തടങ്കൽ, നാടുകടത്തൽ എന്നിവയ്ക്കും ഗുരുതരമായ കേസുകളിൽ ക്രിമിനൽ നടപടികൾക്കും കാരണമായേക്കാം.

∙ യാത്രക്കാർ കരുതാൻ പാടില്ലാത്ത നിരോധിത ഉൽപന്നങ്ങൾ
ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ തങ്ങളുടെ കയ്യിലോ ചെക്ക്-ഇൻ ബാഗേജിലോ കരുതാൻ പാടില്ലാത്ത ഭക്ഷണ-പുകയില ഉൽപന്നങ്ങളെക്കുറിച്ച് നയതന്ത്ര കാര്യാലയം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കസ്കസ് (പോപ്പി സീഡ്സ്), ഖാട്ട് ഇലകൾ, വെറ്റില, അടയ്ക്ക, പുകയില ഉൽപന്നമായ നിസ്വാർ, ഗുഡ്ക ഉൾപ്പെടെയുള്ള ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ എന്നിവ പൂർണമായും നിരോധിച്ചവയിൽ പെടുന്നു.

∙ മരുന്നുകൾ കൈവശം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലഹരിമരുന്ന്, സൈക്കോട്രോപിക് അല്ലെങ്കിൽ മറ്റ് നിയന്ത്രിത ഘടകങ്ങൾ അടങ്ങിയ മരുന്നുകളുടെ കാര്യത്തിൽ യുഎഇയിൽ കടുത്ത നിബന്ധനകളാണുള്ളത്. ചില ഉറക്കഗുളികകൾ, ശക്തമായ വേദനാസംഹാരികൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവ നിയന്ത്രിത അല്ലെങ്കിൽ പകുതി നിയന്ത്രിത വിഭാഗത്തിൽ പെട്ടേക്കാം. ഇത്തരം മരുന്നുകൾ കൊണ്ടുപോകുന്ന ഇന്ത്യൻ യാത്രക്കാർ ഇനിപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം:

∙ തങ്ങളുടെ മരുന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
∙ ആവശ്യമെങ്കിൽ യാത്രയ്ക്ക് മുൻപ് മരുന്നുകളുടെ വ്യക്തിഗത ഉപയോഗത്തിനായുള്ള ഔദ്യോഗിക ഇംപോർട്ട് പെർമിറ്റ് നേടുക.
∙ ഡോക്ടറുടെ സാധുവായ കുറിപ്പടിയോ വിശദമായ മെഡിക്കൽ റിപോർട്ടോ കരുതുക.
∙ അനുവദനീയമായ അളവിൽ കൂടുതൽ മരുന്ന് കയ്യിൽ കരുതാതിരിക്കുക.

∙ ഇംപോർട്ട് പെർമിറ്റിനായി എങ്ങനെ അപേക്ഷിക്കാം?

നിയന്ത്രിത മരുന്നുകളോ ലഹരിമരുന്ന് ഘടകങ്ങളുള്ള മരുന്നുകളോ കൊണ്ടുപോകുന്ന യാത്രക്കാർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ www.ede.gov.ae എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കണം. ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഡോക്ടറുടെ കുറിപ്പടിയോ മെഡിക്കൽ റിപോർട്ടോ അപ്‌ലോഡ് ചെയ്യണം. സാധാരണയായി ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഈ സേവനം പൂർണമായും സൗജന്യമാണ്. ആവശ്യമായ സഹായങ്ങൾക്ക് 800-33784 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ info@ede.gov.ae എന്ന ഇമെയിൽ വഴിയോ ലോഗിൻ പോർട്ടൽ വഴിയോ ഇഡിഇയെ ബന്ധപ്പെടാം.

Share