തായിഫ് ലക്ഷ്യമാക്കി ഹൂത്തികളുടെ മിസൈല്‍ ആക്രമണം; തകര്‍ത്ത് സൗദി വ്യോമപ്രതിരോധ സംവിധാനം
റിയാദ്: സഊദി അറേബ്യയിലെ പടിഞ്ഞാറന്‍ നഗരമായ തായിഫ് ലക്ഷ്യമാക്കി യെമനിലെ ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണശ്രമം.
ഭീകരവാദികളായ ഹൂത്തി മിലിഷ്യകള്‍ സഊദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
ആക്രമണസാധ്യത കണക്കിലെടുത്ത് ജിദ്ദ, യാമ്പു എന്നീ ഗവര്‍ണറേറ്റുകളില്‍ അപകടസാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സഊദി സിവില്‍ ഡിഫന്‍സ് ഇന്ന് പുലര്‍ച്ചെ ജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മിസൈല്‍ തകര്‍ത്തതോടെ അപകടസാധ്യത ഒഴിഞ്ഞതായും ഭീഷണി നീങ്ങിയതായും സിവില്‍ ഡിഫന്‍സ് പിന്നീട് ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയും റിയാദും കിഴക്കന്‍ പ്രവിശ്യയും ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖല ലക്ഷ്യമാക്കിയുള്ള ഡ്രോണുകളും സഊദി സൈന്യം തകര്‍ത്തിരുന്നു. പ്രദേശത്ത് സുരക്ഷാ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമായി തുടരുകയാണ്.


