അര്‍ണബ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, നാശനഷ്ടങ്ങള്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി

അമരാവതി: അര്‍ണബ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശ് തീരത്ത് കര തൊട്ടു. ഇതേ തുടര്‍ന്ന് കാക്കിനാഡയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. വിശാഖപട്ടണത്ത് ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണത് ബീച്ച് റോഡിലും സീതമ്മധാരയിലും ഗതാഗത തടസ്സത്തിന് കാരണമായി.

ഇന്നലെ രാവിലെ 8:30 മുതല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് വരെയുള്ള സമയത്തിനുള്ളില്‍ ആന്ധ്രയിലെ അനകാപള്ളി, വിശാഖപട്ടണം ജില്ലകളിലെ പലയിടങ്ങളിലും 200 മില്ലിമീറ്ററിലധികം അതിശക്തമായ മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ ‘അര്‍ണാബ്’ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഈ പ്രക്രിയ അടുത്ത മൂന്ന് മണിക്കൂര്‍ കൂടി തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാനത്തിന് തെക്ക്, ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നത്. ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും, ചില സമയങ്ങളില്‍ ഇത് 150 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നും അറിയിപ്പില്‍ പറയുന്നു.

ചുഴലിക്കാറ്റ് നേരിടാന്‍ ഭരണകൂടം പൂര്‍ണ സജ്ജമാണെന്ന് ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ മാധ്യമങ്ങളോട് പറഞ്ഞു.’സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറും പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടുത്തെ എല്ലാ വകുപ്പുകളും പൂര്‍ണ ജാഗ്രതയിലാണ്. പൊതുജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സജ്ജരായി രംഗത്തുണ്ട്.’- പ്രവതി പരിദ പറഞ്ഞു.

വിമാന സര്‍വീസുകള്‍ റദ്ദാക്കി
ആന്ധ്രപ്രദേശിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഒക്ടോബര്‍ 27-ന് ഡല്‍ഹി-വിശാഖപട്ടണം റൂട്ടില്‍ നടത്താനിരുന്ന ആറ് വിമാന സര്‍വീസുകളും, ഒക്ടോബര്‍ 28-ന് ഡല്‍ഹി-വിജയവാഡ-ഡല്‍ഹി സെക്ടറിലെ സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. 13 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. വിശാഖപട്ടണത്തെ ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ എന്നിവയുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് റദ്ദാക്കിയത്. കൂടാതെ, വാരണാസി-ബാങ്കോക്ക്, ബാങ്കോക്ക്-വിശാഖപട്ടണം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 27-ന് വൈകിട്ട് ഏഴിന് ശേഷം വിശാഖപട്ടണം, വിജയവാഡ, രാജമുന്ദ്രി എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവച്ചു. റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ താത്ക്കാലികം മാത്രമാണ്. ഒക്ടോബര്‍ 28-ന് നടത്താനിരുന്ന ഡല്‍ഹി-ഭോഗാപുരം വിമാന സര്‍വീസുകളും (തിരികെ വരുന്ന സര്‍വീസുകള്‍ ഉള്‍പ്പെടെ) ആകാശ എയര്‍ റദ്ദാക്കി. എന്നാല്‍, കമ്പനിയുടെ മറ്റ് വിമാന സര്‍വീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share