അപസ്മാരം അഭിനയിച്ചു, ജീവനക്കാർ സെൽ തുറന്നപ്പോൾ ആക്രമിച്ചു; തേനിയെ ഞെട്ടിച്ച് കൂട്ടമായി ജയിൽ ചാട്ടം

മധുര: തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്.

തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചു. ജയിൽ ജീവനക്കാർ സെൽ തുറന്നപ്പോൾ അവരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. തടവുചാടിയവരിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ള തടവുകാർ ഇടുക്കി വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി.

തടവുകാരുടെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരുക്ക് ഗുരുതരമല്ല. തടവുചാടിയ തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തടവുചാടിയവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. പ്രതികളെ പിടികൂടാനായി ഡിണ്ടിഗൽ ജില്ലയിലുടനീളം 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തടവുചാടിയവരുടെ ചിത്രങ്ങളും വിവരങ്ങളും കേരള പൊലീസിനും കൈമാറി. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Share