ശീതകാല സമയക്രമം: കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് പുതിയ വിമാന സർവീസ്; കൊൽക്കത്ത സർവീസ് പുനരാരംഭിക്കും

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ കൂടി ഉൾപ്പെടുത്തി സിയാൽ ശീതകാല സമയക്രമം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയുള്ള ശീതകാല സമയക്രമത്തിലാണ് തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാക്കുന്ന പുതിയ സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസാണ് ബാങ്കോക്കിലേയ്ക്ക് സർവീസ് നടത്തുന്നത്. നിലവിലുള്ള സർവീസുകൾക്ക് പുറമേ നാല് പ്രതിവാര സർവീസുകൾ കൂടി വരുന്നതോടെ ബാങ്കോക്കിലേക്കുള്ള യാത്രാ സൗകര്യം കൂടുതൽ വിപുലമാകും. നിലവിൽ ബാങ്കോക്ക്-ഡോൺ മുവാങ്, ക്വാലലംപുർ, സിംഗപ്പൂർ, മാലി, കൊളംബോ എന്നിവിടങ്ങളിലേക്കും സിയാലിൽനിന്ന് സർവീസുകളുണ്ട്.

ഗൾഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതൽ സർവീസുകൾ പട്ടികയിലുണ്ട്. ഇൻഡിഗോ ഫുജൈറയിലേക്ക് ദിവസേന സർവീസ് നടത്തും. ആകാശ എയർ ദുബായ്, ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സർവീസുകൾ നടത്തും. ആഭ്യന്തര മേഖലയിൽ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തും.

ശീതകാല സമയക്രമത്തിൽ ഗൾഫ് മേഖലയിലെ 13 വിമാനത്താവളങ്ങളിലേക്കും സിയാലിൽനിന്ന് സർവീസുകളുണ്ടാകും. അബുദാബി, ദുബായ്, ദോഹ, കുവൈത്ത്, റിയാദ്, മസ്കത്ത്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമ്മാം, ഫുജൈറ, റാസൽഖൈമ, സലാല എന്നിവയാണ് ഗൾഫ് ശൃംഖലയിലെ വിമാനത്താവളങ്ങൾ.

Share