കണ്ണമ്മൂല വിഷ്ണു കൊലക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കണ്ണമ്മൂല കൊല്ലൂര്‍ വയല്‍ നികത്തിയ വീട്ടില്‍ അരുണ്‍, തോട്ടരികത്ത് വീട്ടില്‍ ലല്ലു, തോട്ടുവരമ്പില്‍ വീട്ടില്‍ രാജേഷ്, കലാകൗമുദി റോഡ് മുടമ്പില്‍ വീട്ടില്‍ സനല്‍ കുമാര്‍, കുളവരമ്പില്‍ വീട്ടില്‍ ശ്രീനാഥ്, പട്ടം പിടി ചാക്കോ നഗര്‍ മഠത്തുവിളാകം വീട്ടില്‍ വിജീഷ്, കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ മനു എന്നിവരാണ് പ്രതികള്‍.

ജീവപര്യന്തം കൂടാതെ 20 വര്‍ഷം കഠിന തടവ് വിധിച്ചു. വിവിധ വകുപ്പ്കള്‍ പ്രകാരമാണ് 20 വര്‍ഷം കഠിന തടവ് നല്‍കിയത്. ഓരോ പ്രതികളും 1.75000 രൂപ വച്ച് പിഴ അടയ്ക്കണം. സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്പെഷല്‍ കോടതി ജഡ്ജി ഷാജഹാനാണ് വാദം കേട്ടത്. പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 144 തൊണ്ടി വസ്തുക്കളും ആറു തെളിവു രേഖകളും ഹാജരാക്കി.

2016 ഒക്ടോബര്‍ ഏഴിനാണ് കൊലപാതകം നടന്നത്. വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ ആറംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോള്‍ 18 വയസായിരുന്നു വിഷ്ണുവിനു പ്രായം.

….

Share