കൊലയ്ക്ക് കാരണം കുടുംബപ്രശ്നം; കുഞ്ഞ് മരിച്ചതോടെ ക്രിസ്റ്റി പരിഭ്രാന്തയായി

തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരി ഇവാനയുടെ കൊലയ്ക്ക് കാരണം കുടുംബപ്രശ്നം. ഭര്‍ത്താവ് തന്നെ സംശയിച്ചിരുന്നതായും ഇന്നും ഭര്‍ത്താവുമായി വഴക്കുണ്ടായതായും ക്രിസ്റ്റി ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൊലയ്ക്ക് ശേഷം ജീവനൊടുക്കാനായിരുന്നു പ്രതിയുടെ ആലോചന. വിഷം കഴിച്ചെന്ന് ക്രിസ്റ്റി പൊലീസിനെ അറിയിച്ചു. കുട്ടിയെ അപായപ്പെടുത്തിയതോടെ കഴുത്ത് മുറിഞ്ഞ കുഞ്ഞ് നിലത്ത് കിടന്ന് പിടഞ്ഞു. ഇതോടെ ക്രിസ്റ്റി പരിഭ്രാന്തയായി, ആത്മഹത്യ ചെയ്യാനായില്ലെന്നുമാണ് ക്രിസ്റ്റി നല്‍കിയ മൊഴിയിലുള്ളത്.

കിടപ്പുമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെങ്കിലും വീട്ടുകാരെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ് വിവരം പുറത്തറിയുന്നത്. കൊലയ്ക്ക് ശേഷം 15 മിനുട്ടോളം ക്രിസ്റ്റീന കുഞ്ഞിനൊപ്പം മുറിയില്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. കതക് തുറന്നയുടനെ ‘എന്‍റെ കുഞ്ഞിനെ കൊന്നു’  എന്നാണ് ക്രിസ്റ്റിന പറഞ്ഞതെന്ന് ബന്ധുവായ സ്ത്രീ പറഞ്ഞു. കുട്ടിയെ ഉടനെ പ്രാഥമികാര്യോഗ കേന്ദ്രത്തിലും മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങളോളം ക്രിസ്റ്റീന സ്വന്തം വീട്ടിലായിരുന്നുവെന്നും അവിടെ പ്രശ്നങ്ങളായിരുന്നുവെന്നും സ്വന്തം വീട്ടില്‍ നിന്നും ഈയിടെയാണ് യുവതി ഭര്‍തൃവീട്ടിലെത്തിയതെന്നും ബന്ധുവായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. 

കിടപ്പു മുറിയില്‍ കൊല നടത്തിയ ശേഷം കുട്ടിയെ കിടത്തി. ഈ സമയം ക്രിസ്റ്റിയും റൂമില്‍ ചെലവഴിച്ചു. 15 മിനുറ്റിനു ശേഷമാണ് ബന്ധു വീട്ടിലെത്തുന്നത്. ‘കതക് തട്ടിയെങ്കിലും ആദ്യം തുറന്നില്ല. കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ചോദിച്ചപ്പോള്‍  ‘എന്‍റെ കുഞ്ഞിനെ കൊന്നു’ എന്ന് പറഞ്ഞു. സംഭവ സമയം കുട്ടിയും ക്രിസ്റ്റിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്’ ബന്ധു പറഞ്ഞു. നാലു വര്‍ഷം മുന്‍പാണ് ക്രിസ്റ്റിയുടെയും അഭിജിത്തിന്‍റെയും വിവാഹം നടന്നത്. 

Share