പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസുകാര്‍; കുത്തിയത് 27 തവണ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗാർജുന സ്കൂളിലെ പ്രിൻസിപ്പലായിരുന്ന രൂപ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11-നാണ് സംഭവം. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.

സ്കൂളിലെ ഫീസ് പിരിച്ചു കിട്ടിയ പണം പ്രിൻസിപ്പലിന്‍റെ വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മാസ്ക് ധരിച്ചെത്തിയ ഇവര്‍ വീട്ടിൽ അതിക്രമിച്ചു കയറി പ്രിൻസിപ്പലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാളുടെ മാസ്ക് അഴിഞ്ഞുപോയതോടെ, രൂപ റെഡ്ഡിക്ക് അവനെ തിരിച്ചറിയാൻ സാധിച്ചു. ഇതോടെ പ്രതികൾ രൂപയെ 27 തവണ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പണവും മൊബൈൽ ഫോണുമായി ഇവർ കടന്നുകളഞ്ഞു.

മരണത്തിന് തൊട്ടുമുമ്പ് തന്‍റെ അമ്മായിയുമായി രൂപ സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ അവർ ആരോടെന്നില്ലാതെ ‘ബാബു’ എന്ന് വിളിക്കുന്നത് കേള്‍ക്കാം. ഇതാണ് പൊലീസിന് തുമ്പായത്. സ്കൂളിലെ വിദ്യാർഥികളെ രൂപ പതിവായി ബാബു എന്നാണ് വിളിച്ചിരുന്നത്. ഇതോടെ രൂപയ്ക്ക് പരിചയമുള്ള വിദ്യാർഥികളാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞു.

രൂപയുടെ മരണത്തില്‍ അനുശോചിച്ച് സ്കൂളിന് നാല് ദിവസത്തെ അവധി നല്‍കിയിരുന്നു. എന്നാല്‍ സ്കൂൾ വീണ്ടും തുറന്നപ്പോൾ ഹാജരാകാതിരുന്ന 13 വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പത്താം ക്ലാസ്സിലെ അഞ്ച് വിദ്യാർഥികളിൽ ചിലരുടെ അസ്വാഭാവികമായ പെരുമാറ്റം പൊലീസിൽ സംശയമുണർത്തി. കൂടാതെ രൂപയുടെ വീടിനും പരിസരത്തെയും ഏകദേശം 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. 

സംശയം തോന്നിയ ഒരു വിദ്യാര്‍ഥിയുടെ പക്കൽ നിന്നും 1.54 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഇത് മാതാപിതാക്കൾ നൽകിയതാണെന്ന് പറഞ്ഞെങ്കിലും, കറൻസി നോട്ടുകളിൽ രക്തക്കറ കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഫോറൻസിക് പരിശോധനയിൽ ഈ രക്തം കൊല്ലപ്പെട്ട രൂപയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ നേരത്തെ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയായിരുന്നു. എന്നാല്‍ കുട്ടിയുടെ ബാഗിൽ നിന്ന് പണവും ഫോണും കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇയാളെ ശാസിക്കുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. മോഷണവും പ്രതികളുടെ ലക്ഷ്യമായിരുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് പ്രിൻസിപ്പലിന്‍റെ വീട് ഇവര്‍ നിരീക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട പണവും ഐഫോണും പ്രിൻസിപ്പലിന്‍റെ മൊബൈൽ ഫോണും പൊലീസ് വീണ്ടെടുത്തു.

Share