വോട്ട് മോഷണം: ഒന്നുകില്‍ സത്യവാങ്മൂലം അല്ലെങ്കില്‍ മാപ്പ്, മൂന്നാമതൊരു വഴിയില്ല-രാഹുലിനോട് തിര. കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍.

ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. മൂന്നാമതൊരു വഴിയില്ല. ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അപമാനിക്കുംവിധത്തിലുള്ളതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരോപിച്ചു. വോട്ട് ചോരി (വോട്ട് മോഷണം) എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലമാക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു വേദിയായി ഉപയോഗിക്കുന്നുവെന്നും ഗ്യാനേഷ് കുമാര്‍ ആരോപിച്ചു.
.

Share