സൗദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി
സൗദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program – SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രൈവറ്റ് കാർ ഡ്രൈവർ (തൊഴിൽ കോഡ്: 9141055) എന്ന തസ്തികയെ 2026 ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു.
ഓഗസ്റ്റ് 3 മുതൽ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ പ്രൈവറ്റ് കാർ ഡ്രൈവർ (Private Car Driver) തസ്തികയ്ക്കാണ് ഇത് ബാധകം. മറ്റ് ഡ്രൈവർ തസ്തികകൾ പിന്നീട് ഉൾപ്പെടുത്തും.
പുതിയ തീരുമാനം അനുസരിച്ച്, ഈ സംവിധാനം നിലവിൽ വരുന്ന തീയതി മുതൽ മുസാനെദ് (Musaned) പ്ലാറ്റ്ഫോം വഴി വിസ അനുവദിക്കുന്നതിന് സ്കിൽ ടെസ്റ്റ് (Skill Test) പാസാകുന്നത് നിർബന്ധമാണ്. പാസാകാത്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുകയില്ല.
എല്ലാ റിക്രൂട്ടിംഗ് ഏജൻസികളും മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കാനും, നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ എല്ലാ ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നു
റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ തൊഴിലാളിയും സഊദി തൊഴിൽ മാർക്കറ്റിന്റെ തൊഴിൽ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വകാര്യ ഡ്രൈവർ തസ്തികയ്ക്കായി മുസാനെദ് ‘സ്കിൽ വെരിഫിക്കേഷൻ’ നിർബന്ധമാക്കിയിരിക്കുന്നു. പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല.
തോറ്റ തൊഴിലാളിക്ക് വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികൾക്ക് യോഗ്യതയുണ്ടാവില്ല. റിക്രൂട്ട്മെന്റ് ഓഫീസ് കരാർ നിരസിക്കുകയും (Reject) പകരം മറ്റൊരു ഉദ്യോഗാർത്ഥിയെ നിർദ്ദേശിക്കുകയും വേണം. ഈ നടപടിക്രമങ്ങൾ പാലിക്കുന്നത് കരാറുകൾ തടസ്സപ്പെടാതെ സുഗമമായി നടക്കാനും യോഗ്യതയുള്ള തൊഴിലാളികൾക്ക് മാത്രം വിസ ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.


