സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തമിഴ്നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരുംമണിക്കൂറുകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് ഏഴാം തീയതി വരെ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. രാവിലെയോടെ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെമീ തുറന്നിട്ടുണ്ട്. അതിൽനിന്നുള്ള വെള്ളം ആറന്മുളയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. രണ്ടടിയോളം വെള്ളം ഈ പ്രദേശങ്ങളിൽ ഉയർന്നിട്ടുണ്ട്.
തോട്ടപ്പുഴശ്ശേരി, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്ന് ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. റാന്നിയിൽ നിലവിൽ മഴയ്ക്ക് താൽക്കാലിക ശമനമുണ്ടെങ്കിലും പ്രളയഭീതി ഒഴിഞ്ഞിട്ടില്ല. മാമുക്ക്, ചെട്ടിമുക്ക് ജങ്ഷനുകളിൽ വെള്ളം കയറുകയും പമ്പയാറ്റിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂർ മേഖലയിലും സ്ഥിതി സമാനമാണ്. പമ്പ, മണിമല, അച്ചൻകോവിലാർ എന്നിവ കരകവിഞ്ഞതിനെ തുടർന്ന് പാണ്ടനാട്, തിരുവൻവണ്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ചെങ്ങന്നൂരിൽ മാത്രം 20 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും തൊള്ളായിരത്തോളം ആളുകളെ അവിടേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി എം. ലിജു അറിയിച്ചു.


