മഴ അതിശക്തമായി തുടരും; വിവിധ ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം ∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായതിനാലും, പ്രളയബാധിതർക്കായുള്ള ക്യാമ്പുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നതിനാലുമാണ് അവധിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
കോഴിക്കോട്
ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. (ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).
ആലപ്പുഴ
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകം. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് അവധി.
കണ്ണൂർ
ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
ഇടുക്കി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസംവരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ
ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.
വയനാട്
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
തിങ്കളാഴ്ച കേരളത്തിലെ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തിലെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച യെലോ അലർട്ടാണ് നൽകിയിരുന്നത്.


