ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ
വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശിയായ സഞ്ജൻ (22) എന്ന യുവാവിനെയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ അതിക്രമത്തിന് ഇരയാക്കിയത്.
കുട്ടിയുടെ അമ്മയുടെ ഫോണിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് സഞ്ജു പെൺകുട്ടിയെ പരിചയപ്പെട്ടത്. താൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നതെന്ന് കുട്ടി അറിയിച്ചിട്ടും പ്രതി ബന്ധം തുടരുകയായിരുന്നു. പിന്നീട് ഫോൺ നമ്പർ കൈമാറുകയും നിരന്തരം സംസാരിക്കുകയും ചെയ്തതിനെത്തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപമെത്തി. തുടർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഉടൻതന്നെ അധ്യാപകർ വിവരം വീട്ടുകാരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


