ലോകകപ്പിലെ ആ മത്സരങ്ങളിൽ ‘അസ്വാഭാവികത’: ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി: ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര ശൃംഖലയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയത്.

ഏഴു മത്സരങ്ങളിലെ ചില സംഭവങ്ങള്‍ വാതുവയ്പ്പിനും ക്രമക്കേടിനും കാരണമായെന്നാന്ന് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും കൗൺസിൽ ഓഫ് യൂറോപ്പ് ഇതിന്‍റെ സംഗ്രഹം പുറത്തുവിട്ടിട്ടുണ്ട്.

മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ഒരു അസ്വാഭാവിക സംഭവമായി ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ താരം റോബർട്ടോ അൽവാരഡോയുടെ മുഖത്ത് കൈകൊണ്ട് അടിച്ചതിനായിരുന്നു ചുവപ്പ് കാര്‍ഡ്. ഗ്രൂപ്പ് ഘട്ടത്തില്‍ കാബോ വെര്‍ദെയെ തോല്‍പ്പിക്കാന്‍ സ്പെയിന് സാധിക്കില്ലെന്ന് യുഎസ് ബെറ്റിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റില്‍ 4.8 മില്യൻ ഡോളറിന്‍റെ ബെറ്റിങ് നടന്നിരുന്നു. ലോകചാംപ്യന്മാരെ കാബോ വെര്‍ദെ ഈ മത്സരത്തില്‍ ഗോള്‍ൃരഹിത സമനിലയില്‍ തളച്ചിരുന്നു.

സ്പെയിൻ 4-0ന് സൗദി അറേബ്യയെ പരാജയപ്പെടുത്തിയ ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ ഫെറാൻ ടോറസ് നേടിയ അഞ്ചാം ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിധിക്കാന്‍ മൂന്നര മിനിറ്റോളം സമയമെടുത്തതും അസ്വാഭാവികമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് സ്ട്രൈക്കര്‍ ഫൊളാരിൻ ബലോഗണിനെ പറ്റിയുള്ളതാണ് മറ്റൊരു ആരോപണം.

നോക്കൗട്ട് മത്സരത്തില്‍ ബോസ്നിയയ്ക്ക് എതിരെ ബലോഗണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സമയം ബലോഗണ്‍ ബെയല്‍ജിയത്തിനെതിരെ കളിക്കുമോ എന്ന ചോദ്യം പോളി മാര്‍ക്കറ്റില്‍ എത്തി. ഫിഫ അച്ചടക്ക സമിതി താരത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പായിരുന്നു ചോദ്യത്തില്‍ ബെറ്റിങ് ആരംഭിച്ചത്.

ജൂലൈ അഞ്ചിന് അച്ചടക്ക സമിതി ചുവപ്പ് കാര്‍‍ഡ് ഒഴിവാക്കുകയും ബലോഗണ്‍ ബെല്‍ജിയത്തിനെതിരെ കളിക്കുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ 14 താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നെങ്കിലും ആരുടെയും കാര്യത്തില്‍ ഇത്തരമൊരു ബെറ്റിങ് നടന്നിരുന്നില്ല. ഇത്തരത്തിൽ ഏഴു മത്സരങ്ങളിലെ വിവിധ ‘അസ്വാഭാവിക’ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഫിഫയുടെ ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്സുമായി ഏകോപിപ്പിച്ചാണ് ഗ്രൂപ്പ് ഓഫ് കോപ്പൻഹേഗന്‍ പ്രവർത്തിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് ‘സംശയാസ്പദമായ ബെറ്റിങ് പ്രവർത്തനങ്ങളോ ഒത്തുകളി സൂചനകളോ’ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഫിഫയുടെ ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്‌സ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരുമായി ചേർന്ന് പ്രവർ‌ത്തിക്കുന്ന മറ്റൊരു സംഘടനയുടെ നേർവിപരീതമായ റിപ്പോർട്ട്. ലോകകപ്പുമായി ബന്ധപ്പെട്ട് ഏഴു യെലോ നോട്ടിസുകളാണ് സംഘടന നൽകിയിരിക്കുന്നത്. പച്ച (സാധാരണം), മഞ്ഞ (ഉയർന്ന ജാഗ്രത), ഓറഞ്ച് (തീവ്ര ജാഗ്രത), ചുവപ്പ് (അതിതീവ്ര ജാഗ്രത) എന്നിങ്ങനെ നാല് കളർ കോഡ് വിഭാഗങ്ങളായാണ് ഈ ഗ്രൂപ്പ് സംഭവങ്ങളെ തരംതിരിച്ചിരിക്കുന്നത്.

Share