അനുമോദന ചടങ്ങിനിടെ വിദ്യാര്‍ത്ഥികളെ അപമാനിച്ചുവെന്ന് ആരോപണം; കെ ടി ജലീലിനെതിരെ എംഎസ്എഫ്
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് അനുമോദന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ അപമാനിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ എംഎസ്എഫ്. വിദ്യാര്‍ത്ഥികളെ അപമാനിച്ച കെ ടി ജലീല്‍ മാപ്പുപറയണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫര്ഹാന് ബിയാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജലീലിനെതിരെ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം കെടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ജലീല്‍ ചോദിച്ചു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയില്‍ നുള്ളുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
കെ ടി ജലീലിനെതിരെ കേസെടുക്കണെന്ന് എം എസ് എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അമീന് റാഷിദും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാകില്ല. കായികമായി ഉപദ്രവിച്ചത് ബാലവകാശ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കണമെന്നും അമീന് റാഷിദ് ആവശ്യപ്പെട്ടു.


