മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒത്തുതീർപ്പാക്കി ഗ്രാമപഞ്ചായത്ത്; പ്രതി പിഴയായി അടച്ച തുകയിൽ മദ്യസൽക്കാരം
റാഞ്ചി: ജാർഖണ്ഡിൽ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീർക്കാൻ ഗ്രാമപഞ്ചായത്തിന്റെ ശ്രമം. പ്രതിക്ക് പിഴ ചുമത്തി ആ തുക ഉപയോഗിച്ച് ഗ്രാമീണർ മദ്യസൽക്കാരം നടത്തുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ സുനിൽ ലൊഹാര എന്നയാൾ, അമ്മ ജോലി ചെയ്യുന്നതിനിടെ കുട്ടിയെ എടുക്കാമെന്ന് പറഞ്ഞ് വാങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയാണ് ചോരയൊലിക്കുന്ന നിലയിൽ മകളെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ സ്വകാര്യ ഡോക്ടറുടെ അടുത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
എന്നാൽ സംഭവം പൊലീസിൽ അറിയിക്കുന്നതിനു പകരം ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഒതുക്കിതീർക്കാൻ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച കൂടിയ പഞ്ചായത്ത് യോഗം പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇതിൽ 20,000 രൂപ പ്രതി ഉടൻ തന്നെ നൽകി. ബാക്കി തുക ഒരാഴ്ചയ്ക്കകം നൽകാമെന്നും ഏറ്റു. തുടർന്ന് പ്രതി നൽകിയ ഈ തുക ഉപയോഗിച്ചു ഗ്രാമത്തിൽ മാംസാഹാരവും മദ്യവും ഉൾപ്പെടുത്തിയുള്ള വലിയൊരു ആഘോഷം തന്നെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
കേസ് ഗ്രാമീണർ ചേർന്ന് ഒതുക്കാൻ ശ്രമിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഘാഘ്ര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമത്തിൽ എത്തി. ആഘോഷം തകൃതിയായി നടക്കുന്നതിനിടയിൽ വച്ചാണ് പൊലീസ് പ്രതിയായ സുനിൽ ലൊഹാരയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ ശക്തമായ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


