അടുത്തിടെ സൗദിയിലെത്തിയ മലയാളി യുവാവ് നിര്യാതനായി
ജുബൈൽ: മലയാളി യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ പത്തിയൂർ സ്വദേശിയാണ് മരിച്ചത്. പത്തിയൂർ കളരിക്കൽ വീട്ടിൽ ശിവരാജൻ ജനാർദ്ദനൻ – സുകുമാരി ദമ്പതികളുടെ മകൻ രാജേഷ് കുമാർ (39) ആണ് മരണപ്പെട്ടത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജേഷ് കുമാർ അടുത്തിടെയാണ് പ്രവാസജീവിതം ആരംഭിച്ച് സൗദിയിൽ എത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പുഷ്പജയാണ് ഭാര്യ. അവണി, ആര്യൻ എന്നിവർ മക്കളാണ്.
നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.


