ബ്രസീലിയൻ ഇതിഹാസങ്ങളെ മറികടന്ന് എംബാപ്പെ; മെസ്സിയുടെ ലോക റെക്കോർഡിന് തൊട്ടുപിന്നിൽ
പൊതുവെ വീരവാദങ്ങളിൽ ആള് തൽപ്പരകക്ഷിയല്ല പുള്ളിക്കാരൻ, ചെയ്താണ് ശീലം! ലോകകപ്പിലെ റൗണ്ട് ഓഫ് 32വിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നിലംപരിശാക്കി ഫ്രഞ്ച് സൈന്യം പ്രീക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ, ഇരട്ട ഗോളുകളുമായി തകർപ്പൻ പ്രകടനമാണ് എംബാപ്പെ കാഴ്ചവച്ചത്.
1998ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിനെ 3-0ന് കീഴടക്കിയ ശേഷം.. ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ ഫ്രാൻസ് സ്വന്തമാക്കുന്ന ഏറ്റവും മികച്ച വിജയമാണിത്. ആ നേട്ടത്തിലേക്ക് ലെസ് ബ്ലൂസിനെ നയിച്ചത് എംബാപ്പെയെന്ന ഗോൾമെഷീനാണ്. ഇന്ന് അവരെ മുന്നിൽ നിന്ന് നയിക്കുന്ന വിശ്വസ്തനായ ഈ നായകനാണ് അയാൾ.
ഈ ലോകകപ്പിൽ ഒരു മത്സരം കുറച്ച് മാത്രം കളിച്ച മെസ്സിയുടെ ആറ് ഗോൾ നേട്ടത്തിനൊപ്പമെത്താനും കിലിയൻ എംബാപ്പെയ്ക്ക് സാധിച്ചു. മാത്രമല്ല ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ ലിയോ മെസ്സിയുടെ 19 ഗോളുകളെന്ന റെക്കോർഡിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് ഒരുവട്ടം കൂടി ഗോൾവല കുലുക്കിയാൽ മതി. ലോകകപ്പിൽ മെസ്സിക്ക് ഇത്രയും ഗോളുകൾ നേടാൻ 29 മാച്ചുകൾ കളിക്കേണ്ടി വന്നു എന്ന് മനസിലാക്കുമ്പോഴാണ് എംബാപ്പെ എന്ന സ്ട്രൈക്കറുടെ പ്രഹരശേഷി നമുക്ക് മനസിലാകുക.
ഈ മാച്ചിൽ എംബാപ്പെ നേടിയ രണ്ട് ഗോളുകളേയും വിശേഷിപ്പിക്കാൻ വാക്കുകളില്ല. 45ാം മിനിറ്റിൽ ബ്രില്ല്യൻ്റായൊരു ക്രോസ് ഓവർ സ്റ്റെപ്പിലൂടെ സ്വീഡിഷ് ഡിഫൻഡർമാരെയും ഗോൾകീപ്പറേയും കാഴ്ചക്കാരാക്കി നിർത്തി കിലിയൻ സ്വീഡിഷ് ഗോൾവല തുളച്ചു. ഈ സമയം സ്വീഡൻ്റെ ബോക്സിനകത്ത് ഗോളിക്ക് പുറമെ പ്രതിരോധ കവചം തീർക്കാൻ ഏഴ് മഞ്ഞ ജേഴ്സിക്കാർ ഉണ്ടായിരുന്നു. എന്നാൽ ഏത് പ്രതിരോധപ്പൂട്ടും പൊളിക്കാൻ കഴിവുള്ള ബീസ്റ്റാണ് താനെന്ന് എംബാപ്പെ ഈ ഗോളോടെ തെളിയിച്ചു.
പിന്നാലെ 74ാം മിനിറ്റിലും എംബാപ്പെ തൻ്റെ ഫിനിഷിങ് മാസ്റ്റർക്ലാസ് ആവർത്തിച്ചു. സ്വീഡൻ്റെ പകുതിയിൽ നിന്നും പന്ത് സ്വീകരിച്ച് ലെഫ്റ്റ് വിങ്ങിലൂടെ എംബാപ്പെ നടത്തിയ അതിവേഗ നീക്കം ഒന്നാന്തരമായിരുന്നു. എംബാപ്പെ സ്വീഡിഷ് താരത്തിൻ്റെ കാലിൽ നിന്ന് പന്ത് റാഞ്ചി മുന്നേറുമ്പോൾ.. മൂന്ന് ഡിഫൻഡർമാർ വിങ്ങിൽ അയാളെ തടയാൻ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ പന്ത് പിന്നീട് ബാർക്കോളയിലേക്കും അവിടെ നിന്ന് ഒലീസിലേക്കും കൈമാറി ഡിഫൻഡർമാരുടെ ശ്രദ്ധ തന്നിൽ നിന്ന് മാറ്റുന്നതിൽ എംബാപ്പെ വിജയിച്ചു.
ഇതിനിടയിൽ ഒലീസ് സ്വീഡിഷ് താരത്തെ വെട്ടിയൊഴിഞ്ഞ് ബോക്സിനകത്തേക്ക് നൽകിയ അളന്നുകുറിച്ച പാസ് എംബാപ്പെ അനായാസം ബോക്സിൻ്റെ വലത്തേ മൂലയിലേക്ക് അടിച്ചുകേറ്റി! ഇതോടെ ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ കിലിയൻ എംബാപ്പെയുടെ 10ാമത്തെ ഗോളായിരുന്നു അത്. ഇതോടെ ലോകകപ്പിൻ്റെ നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ, ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡോ നസാരിയോയുടേയും ലിയോണിഡാസിൻ്റേയും റെക്കോർഡ് മറികടക്കാനും ഫ്രഞ്ച് സൂപ്പർ താരത്തിനായി.
ചൊവ്വാഴ്ച ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ… സ്വീഡനെതിരെ ആദ്യ ഗോൾ നേടിയ ശേഷം 27കാരൻ എംബാപ്പെ നേരെ ഓടിയെത്തിയത് കോച്ച് ദിദിയർ ദെഷാംപ്സിൻ്റെ അടുത്തേക്കായിരുന്നു. നിറഞ്ഞ ചിരിയോടെ കോച്ച് ഫ്രഞ്ച് നായകനെ മാറോടണച്ചു. തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വന്നതിനാൽ ദെഷാംപ്സിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലൊന്നിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
“കോച്ച് ദെഷാംപ്സ് ഞങ്ങൾക്കൊപ്പം ആയിരിക്കുമ്പോൾ ഒരിക്കലും ഒറ്റയ്ക്കായെന്ന് തോന്നാൻ അനുവദിക്കില്ല. ഈ വിഷമഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും,” എന്നാണ് മത്സര ശേഷം എംബാപ്പെ ആ മനോഹര നിമിഷത്തെ കുറിച്ച് പ്രതികരിച്ചത്. 85ാം മിനിറ്റിൽ എംബാപ്പെയെ കളത്തിൽ നിന്ന് പിൻവലിച്ച ശേഷം കോച്ച് തൻ്റെ പ്രിയപ്പെട്ട താരത്തിന് തലകുനിച്ച് ആദരിക്കുന്നതും ആ മാച്ചിലെ സുന്ദരനിമിഷങ്ങളിൽ ഒന്നായിരുന്നു.
മത്സരത്തിൽ ഇരട്ട അസിസ്റ്റുകളുമായി തിളങ്ങിയ മൈക്കൽ ഒലിസെ, ഈ ലോകകപ്പിൽ ഇതേ വരെ ആകെ അഞ്ച് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. 1994ൽ ജർമ്മനിക്ക് വേണ്ടി തോമസ് ഹാസ്ലറാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
അതിന് ശേഷം ഒരു പുരുഷ ലോകകപ്പിൻ്റെ പതിപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡിന് ഒപ്പമാണ് ഇന്ന് ഒലീസെയെന്ന നീളൻമുടിക്കാരൻ. ഫ്രഞ്ച് ഫുട്ബോൾ ഇന്ന് മധ്യനിരയിലെ ഈ മാന്ത്രിക ഫുട്ബോളറുടെ താളച്ചുവടുകളിൽ സുരക്ഷിതമാണ്. “ഞങ്ങളൊരു ദൗത്യത്തിലാണ്… അവർക്കൊപ്പം ഞാനുണ്ട്…,” ഫ്രഞ്ച് കോച്ച് ശുഭാപ്തിവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞ് നിർത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.


