വീണ്ടും പെനൽറ്റി പാഴാക്കി മെസ്സി; റഫറിയോട് കയർത്തതിന് മഞ്ഞക്കാർഡ്

മയാമി: മേജർ ലീഗ് സോക്കർ മത്സരത്തിൽ നാഷ്‌വില്ലെയോട് 4-1നു തോറ്റ് ഇന്റർ മിയാമി. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി വീണ്ടും പെനൽറ്റി പാഴാക്കുകയും മഞ്ഞക്കാർഡ് വഴങ്ങുകയും ചെയ്തു.

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ, ആതിഥേയരായ നാഷ്‌വില്ലെയ്‌ക്കായി ഹോണ്ടുറാസ് താരം ആൻഡി നജാർ, ഇംഗ്ലണ്ടിന്റെ സാം സൂറിഡ്ജ്, ജർമനിയുടെ ഹാനി മുഖ്താർ എന്നിവർ ഗോൾ നേടി. മെസ്സിയുടെ അസിസ്റ്റിൽ ടെലാസ്കോ സെഗോവിയയാണ് മയാമിയുടെ ആശ്വാസഗോൾ നേടിയത്.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ഹോണ്ടുറാസ് പ്രതിരോധ താരം ആൻഡി നജാർ ഹെഡ്ഡറിലൂടെ നാഷ്‌വില്ലെ ലീഡ് പിടിച്ചു. 23-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സമനില പിടിക്കാൻ മയാമിക്ക് അവസരം ലഭിച്ചെങ്കിലും മെസ്സിയുടെ ദുർബലമായ കിക്ക് നാഷ്‌വില്ലെ ഗോൾകീപ്പർ ബ്രയാൻ ഷ്വാക്ക് തടുത്തിട്ടു. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് വെനിസ്വേലൻ താരം ടെലാസ്കോ സെഗോവിയ നേടിയ ഗോളിലൂടെ മയാമി ഒപ്പമെത്തി (1-1).

എന്നാൽ 49-ാം മിനിറ്റിൽ ഹാനി മുന്‍ഖ്താറിലൂടെ നാഷ്‌വില്ലെ വീണ്ടും മുന്നിലെത്തി. തുടർന്ന് സാം സൂറിഡ്ജ് നാഷ്‌വില്ലിന്റെ ലീഡ് 3-1 ആക്കി ഉയർത്തി. 63-ാം മിനിറ്റിൽ മുഖ്താർ തന്റെ രണ്ടാം ഗോളും നേടി നാഷ്‌വില്ലെയുടെ വിജയം ഉറപ്പിച്ചു. ‌‌ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ മെസ്സി അടിച്ച രണ്ട് ഷോട്ടുകളും പോസ്റ്റിൽ തട്ടി തെറിച്ചു. റഫറിയോട് തീരുമാനത്തിൽ രൂക്ഷമായി പ്രതികരിച്ചതിന് 59-ാം മിനിറ്റിൽ മെസ്സിക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.

ഈ തോൽവിയോടെ ഇന്റർ മയാമിയുടെ തുടർച്ചയായ ഏഴു മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമായത്. നിലവിൽ 43 പോയിന്റോടെ നാഷ്‌വില്ലെയാണ് ലീഗിൽ ഒന്നാമത്. 38 പോയിന്റുള്ള ഇന്റർ മയാമി രണ്ടാം സ്ഥാനത്താണ്. ഈ വർഷത്തെ കോൺകാകാഫ് ചാംപ്യൻസ് കപ്പ് റൗണ്ട് ഓഫ് 16ലും മയാമിയെ നാഷ്‌വില്ലെ പുറത്താക്കിയിരുന്നു.

Share