സൗദിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി സെക്കൻഡുകൾക്കുള്ളിൽ ദാരുണ അപകടം: ആർക്കും രക്ഷപ്പെടാനായില്ല

റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോയുടെ ഹെലികോപ്റ്റർ തകർന്ന് 14 ജീവനക്കാർ മരിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.

കടലിൽനിന്ന് ജോലി കഴിഞ്ഞ ശേഷം മടങ്ങുന്നതിനിടെ റാസ് തന്നൂറയ്ക്കും അൽ ജുഅയ്മയ്ക്കും ഇടയിലുള്ള മരുഭൂമിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് വൊളന്റിയർ ടീം അംഗമായ ഹാതിം അൽശുബൈലി അറിയിച്ചു. ഗൈത് ബിൻ ഹമദ് അൽശുബുൽ ആയിരുന്നു ഹെലികോപ്റ്ററിന്റെ പൈലറ്റ്.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചുളള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം  അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു.

അപകടത്തിൽ മരിച്ച 12 ജീവനക്കാരുടെ പേരുകൾ മുൻ ശൂറാ കൗൺസിൽ അംഗം നബീഹ് അൽബറാഹിം പ്രസിദ്ധീകരിച്ചു. ഖാലിദ് അൽഅനസി, അബ്ദുല്ല അൽസുൽഫി, സായിദ് അൽദോസരി, ഇബ്രാഹിം അൽസുബൈഇ, മുശാരി അൽബർഇ, മുഹമ്മദ് അൽജുമൈഹ്, അലി അൽയാമി, റാമിസ് അൽമുതൈരി, മുആദ് അൽസഹ്റാനി, മൂസ ലാശിത്, ഹുസൈൻ അൽസ്വഫ്വാനി, അലി അൽഉബൈദ് എന്നിവരാണ് മരിച്ച മറ്റ് ജീവനക്കാർ.