നവോമി ഇനി ആറുപേരിലൂടെ ജീവിക്കും; അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.

നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് (ആ‌‌ർഐഒ) കൈമാറിയത്. കെ സോട്ടോയാണ് അവയവദാന പ്രക്രിയകൾ പൂർണമായും ഏകോപിപ്പിച്ചത്. 

തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ജൂൺ 25ന് പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്സി തങ്കച്ചൻ, അനിയൻ ജോയൽ വിൻസെന്റ് എന്നിവർക്കും ഗുരുതരമായി പരുക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്.

ജൂൺ 28ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ അമ്മ ജിപ്സിയും അനിയൻ ജോയലും നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.