ആദ്യം റോഡിലിട്ട് പടക്കം പൊട്ടിച്ചു, പിന്നാലെ അയൽവാസിയുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു; പ്രതികള്‍ പിടിയില്‍

അയൽവാസിയുടെ വീടിന് നേരെ അർദ്ധരാത്രിയിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. തിരുവനന്തപുരം ആര്യനാടാണ് സംഭവം. പേരൂർക്കട ആർ.വി.പുരം സ്വദേശി നന്ദൻ (22), പേരൂർക്കട ഫസ്റ്റ് ലൈനിൽ ഷമീർ (18), പേരൂർക്കട അമ്പലമുക്ക് രവി നഗർ സ്വദേശി മാധവ് (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.
ആര്യനാട് സ്വദേശി അനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് സ്കൂട്ടറുകളിലായെത്തിയ നാലംഗസംഘം വീടിന് മുൻവശത്തെ റോഡിൽ വെച്ച് പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ വീടിന്റെ മുകളിലെ നിലയിൽ കയറിയപ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചിരുന്ന സ്ഫോടകവസ്തുക്കൾ വീടിന്റെ മുൻവാതിലിലേക്ക് എറിഞ്ഞു. കൂടെയുണ്ടായിരുന്നവർ കല്ലുകളും മരക്കഷ്ണങ്ങളും വീടിന് നേരെ എറിഞ്ഞ് ഭയപ്പെടുത്തി.
അനുവിന്റെ അയൽവാസിയുടെ മകൾമറ്റൊരാളോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതുകണ്ട് അനു ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ അക്രമണം നടത്തിയത്. നെടുമങ്ങാട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
