അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം
ആര്യനാട്: ആര്യനാട് – നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ആശുപത്രിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.45ന് ആണ് അപകടം. രണ്ടുപേർ അപകട സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണു സൂചന. 2 ബൈക്കുകളും പൂർണമായി തകർന്നു.


