യു എസ്-ഇസ്‌റാഈല്‍ ആക്രമണം: പരാതികള്‍ യു എന്‍ പൊതുസഭയില്‍ ഉന്നയിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍/വാഷിങ്ടണ്‍: അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ആക്രമണം സംബന്ധിച്ച് ഇറാനിയന്‍ ജനതക്കുള്ള പരാതികള്‍, നടന്ന കുറ്റകൃത്യങ്ങള്‍, രൂപപ്പെട്ട അവിശ്വാസം’ തുടങ്ങിയവയാണ് യു എന്‍ പൊതുസഭയില്‍ ഉന്നയിക്കുക.

യു എസിന്റെയും ഇസ്‌റാഈലിന്റെയും ‘നീചവും കുറ്റകരവുമായ സാന്നിധ്യത്തില്‍’ നിന്ന് ഈ മേഖലക്ക് ലഭിച്ച സ്വാതന്ത്ര്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (IRGC) ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ‘ആത്മാര്‍ഥമായ സമീപനത്തോടെയാണെങ്കില്‍ ചര്‍ച്ചാമേശയിലേക്ക് മടങ്ങിവരാനുള്ള അവസരം ഇപ്പോഴും ഇറാന് മുന്നിലുണ്ടെന്നും’ ഐക്യരാഷ്ട്രസഭയിലെ യു എസ് പ്രതിനിധി പറഞ്ഞു.

അതിനിടെ, ഹോര്‍മുസ് കടലിടുക്ക് വഴി ഇറാഖി ടാങ്കറുകളെ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി രംഗത്തെത്തി. യു എസ്-ഇസ്‌റാഈല്‍ യുദ്ധം തുടങ്ങിയതു മുതല്‍ ഇറാഖിന് 60 ബില്യണ്‍ ഡോളറിന്റെ വരുമാനനഷ്ടം സംഭവിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Share