തൃശ്ശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ച് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40-നാണ് അപകടം ഉണ്ടായത്.

അതിവേഗതയിൽ എത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം സമീപത്തെ വൈദ്യുതിക്കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ദയ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്നയും മരിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് എമിൽ ഐബക്ക് മരിച്ചത്.അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

….

Share