‘ഇനി ഞങ്ങളുടെ ഊഴം’; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിൽ ‘ബോംബുമഴ’ പെയ്യിച്ച് അമേരിക്ക

വാഷിങ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം വൻതോതിൽ രൂക്ഷമാക്കിക്കൊണ്ട് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.

മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ ആക്രമണങ്ങൾ സ്ഥിരീകരിച്ചത്.

ഇറാന്റെ റെവല്യൂഷണറി ഗാർഡ് അയച്ച ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎസ് വ്യക്തമാക്കി. എങ്കിലും ഇറാന് അതിശക്തമായ മറുപടി നൽകുമെന്നും “ഇനി ഞങ്ങളുടെ ഊഴമാണെ”ന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം തന്നെ ഇറാന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് പോർവിമാനങ്ങൾ ബോംബാക്രമണം പുനരാരംഭിക്കുകയായിരുന്നു.

മുൻപ് പ്രഖ്യാപിച്ച താൽക്കാലിക ആക്രമണ വിരാമത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ വീണ്ടും അതിരൂക്ഷമാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്. ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾക്കെതിരെ യുഎസും സൗദി അറേബ്യയും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വലിയ തോതിൽ കുതിച്ചുയരുകയും ആഗോള ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

Share